Latestകേരളം

ഓപ്പറേഷൻ തൂഫാൻ: പോലീസ് അന്വേഷണത്തിന് പിന്നാലെ അതിഥിത്തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കഴക്കൂട്ടത്ത് ഓപ്പറേഷൻ തൂഫാൻ എന്ന പേരില്‍ പോലീസ് നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ, അതിഥിത്തൊഴിലാളിയെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.അസം ഹോജായ് സ്വദേശിയായ അജ്മല്‍ അലി (27) ആണ് കാര്യവട്ടത്തെ വാടകവീട്ടില്‍ ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലുലു മാളിന് സമീപം നടന്ന ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പേട്ട പോലീസ് അജ്മല്‍ അലിയെ തിരഞ്ഞ് വീട്ടിലെത്തിയത്. പോലീസ് അന്വേഷണം വന്നതോടെ, വീട്ടുടമസ്ഥൻ ഇയാളോട് താമസം ഒഴിയാൻ ആവശ്യപ്പെട്ടതായും നാട്ടുകാർ പറയുന്നു.തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ലഹരിക്കച്ചവടവുമായി അജ്മല്‍ അലിക്ക് യാതൊരു ബന്ധവുമില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.