കെ റെയില്‍ വേണ്ട; സബർബൻ റെയിൽ നടപ്പിലാക്കുമെന്ന് ഉമ്മന്‍ചാണ്ടി
യുഡിഎഫ് വീണ്ടും അധികാരത്തിൽ വന്നാൽ സബർബൻ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇത് സാധാരണക്കാർക്കുള്ള പദ്ധതിയാണ്. എൽഡിഎഫ് സർക്കാരാണ് പദ്ധതിക്ക് ആദ്യം അംഗീകാരം നൽകിയതെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. യുഡിഎഫ് സർക്കാർ ആരംഭിച്ച സബർബൻ റെയിൽ പദ്ധതി നടപ്പാക്കാൻ 300 ഏക്കർ ഭൂമിയും 10,000 കോടി രൂപയും മതിയാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തൃക്കാക്കരയിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യക്തമായ ബദൽ നിർദ്ദേശവുമായാണ് യുഡിഎഫ് കെ റെയിൽ പദ്ധതിയെ എതിർക്കുന്നത്. കെ റെയിൽ പദ്ധതിക്ക് രണ്ട് ലക്ഷം കോടി രൂപ ചെലവുവരുമ്പോൾ 20,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച് 1,383 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന കെ റെയിലിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങൾക്കും പരിഹാരമാണ് സബർബൻ റെയിൽപാതയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.