ദുരന്ത സാധ്യതകൾ മുന്നിൽ കണ്ട് കൂടുതൽ ഷെൽട്ടർ ഹോമുകൾ നിർമിക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
കുറുമാത്തൂർ ദുരന്ത നിവാരണ ഷെൽട്ടർ ഹോം നാടിന് സമർപ്പിച്ചു
സംസ്ഥാനത്ത് പ്രകൃതിക്ഷോഭം വർധിക്കുന്ന സാഹചര്യത്തിൽ ദുരന്ത സാധ്യതകൾ മുന്നിൽ കണ്ട് കൂടുതൽ ഷെൽട്ടർ ഹോമുകൾ നിർമിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പ്രകൃതി ദുരന്തത്തിൽ പ്രയാസപ്പെടുന്നവർക്ക് താൽക്കാലിക അഭയം നൽകാൻ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ദുരിതാശ്വാസ കേന്ദ്രം നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത സാധ്യതകൾ ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കടൽ നിരപ്പ് ഉയരുന്നതും ഭൂഗർഭ ജലം കുറയുന്നതും സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കുന്നു. മണ്ണിടിച്ചിലും വെള്ളപ്പൊക്ക ഭീഷണിയും വ്യാപകമാവുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ജാഗ്രതയോടുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തണമെന്നും ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്താൻ പ്രാദേശിക സർക്കാരുകൾ നേതൃത്വം നൽകണമെന്നും മന്ത്രി പറഞ്ഞു .
കുറുമാത്തൂർ പഞ്ചായത്ത് ഓഫീസിന് സമീപം കുന്നുംപുറത്ത് പുതിയ പുരയിൽ അബ്ദുൾ ഗഫൂറിൽ നിന്ന് 3.9 ലക്ഷം രൂപ നൽകി വിലയ്ക്കെടുത്ത ആറ് സെന്റ് സ്ഥലത്താണ് ദുരിതാശ്വാസ കേന്ദ്രം നിർമ്മിച്ചത്. സംസ്ഥാന സർക്കാരിന്റെയും ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും ദുരന്ത നിവാരണ ഫണ്ടുകളിൽ നിന്നും 46,19,584 രൂപ ചെലവഴിച്ചാണ് ഇരുനില കെട്ടിടം ഒരുക്കിയത്. ഒരേ സമയം 100 പേരെ ഇവിടെ താമസിപ്പിക്കാൻ കഴിയും. കഴിഞ്ഞ പ്രളയകാലത്ത് പഞ്ചായത്തിലെ കുറുമാത്തൂർ, കോട്ടുപുറം, താനിക്കുന്ന്, മുയ്യം, പാറാട്, പനക്കാട്, മഴൂർ എന്നീ ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു. നൂറോളം കുടുംബങ്ങളെയാണ് അന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാറ്റിപാർപ്പിച്ചത്. പ്രകൃതി ക്ഷോഭത്താൽ ദുരിതം അനുഭവിക്കുന്നവരെ മതിയായ സൗകര്യങ്ങൾ ഇല്ലാത്ത ഇടങ്ങളിലേക്ക് മാറ്റിപാർപ്പിക്കേണ്ടി വരുന്നതിനാലാണ് പഞ്ചായത്ത് ഷെൽട്ടർ ഹോം നിർമ്മിച്ചത്.
പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ ദുരന്ത നിവാരണ സേന അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും മന്ത്രി നിർവഹിച്ചു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് വി എം സീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം പി വിനോദ് കുമാർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് പാച്ചേനി രാജീവൻ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി പി ഷിനോജ് മാസ്റ്റർ, സി എം സവിത കുറുമാത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി പി പ്രസന്ന ടീച്ചർ, പി ലക്ഷ്മണൻ, സി അനിത, പഞ്ചായത്ത് അംഗം കെ ശശിധരൻ, മുൻ പ്രസിഡണ്ട് ഐ വി നാരായണൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എൻ റീജ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.