ഇന്ന് ലോക രക്തദാതാദിനം : ബോധവല്‍ക്കരണ പരിപാടികളുമായി ആരോഗ്യവകുപ്പ്

ലോക രക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ രക്തദാന ക്യാമ്പും ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. ‘ രക്തം ദാനം ചെയ്യൂ ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ ‘ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം, ആവശ്യകത, ഗുണങ്ങള്‍ എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുകയെന്നതിനൊപ്പം ആരോഗ്യമുള്ള ഓരോ വ്യക്തിയും കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച് രക്തം ദാനം ചെയ്യുന്നതിലൂടെ മാത്രമെ രക്തത്തിന്റെ ലഭ്യതയും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ സാധിക്കൂ എന്ന സന്ദേശം കൂടി ജനങ്ങളില്‍ എത്തിക്കുകയെന്നതാണ് ദിനാചരണത്തിന്റെ ഉദ്ദേശം.

ജില്ലയിലെ നാല് ബ്ലഡ് ബാങ്കുകളായ കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി, ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രക്തദാന ക്യാമ്പുകള്‍ നടത്തുന്നത്. കൂടാതെ ആദ്യമായി രക്തദാനം ചെയ്യുന്ന യുവാക്കളെ ഈ ക്യാമ്പുകളില്‍ വച്ച് ആദരിക്കും. 2020-21 കാലഘട്ടത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രക്തദാനം സംഘടിപ്പിച്ച സന്നദ്ധ സംഘടനകളായ ഡി വൈ എഫ് ഐ (2104 എണ്ണം ), ബ്ലഡ് ഡൊണോര്‍സ് കേരള (1483 എണ്ണം), സേവാഭാരതി (1244 എണ്ണം ) എന്നിവയാണ്. ഈ സംഘടനകള്‍ക്കുള്ള ഉപഹാരങ്ങള്‍ ലോക്ക് ഡൗണ്‍ തീരുന്ന മുറയ്ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിതരണം ചെയ്യും.

രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം സന്നദ്ധ രക്തദാനവുമായി ബന്ധപ്പെട്ട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)അറിയിച്ചു.