കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം

കൃഷിക്കും ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കുന്ന കാട്ടുപന്നികളെ നിയമപരമായി നശിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.എന്നാൽ വിഷബാധ, സ്ഫോടക വസ്തുക്കൾ പ്രയോഗിക്കൽ, വൈദ്യുതാഘാതം എന്നിവ ഉപയോഗിച്ച് ഇവയെ കൊല്ലാൻ പാടില്ല.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപേഴ്സൺ, കോർപ്പറേഷൻ മേയർ എന്നിവരെ വന്യജീവി നിയമപ്രകാരം ഓണററി വൈൽഡ് ലൈഫ് വാർഡനായി സർക്കാരിനു നിയമിക്കാം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി എന്നിവരെ അംഗീകൃത ഓഫീസർമാരായി നിയമിക്കാം.

100 ഏക്കർ വരെ വിസ്തൃതിയുള്ള ചെറിയ വനമേഖലയിലെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും. കാട്ടുപന്നികളെ ഉൻമൂലനം ചെയ്യുന്ന സമയത്ത് മനുഷ്യജീവൻ, സ്വത്ത്, വളർത്തുമൃഗങ്ങൾ, മറ്റ് വൻയജീവികൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നില്ലെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കണം. കൊന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിൻറെ വിശദാംശങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കണം. ആവശ്യമെങ്കിൽ മൃതദേഹങ്ങൾ കൊന്ന് സംസ്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ജനജാഗ്രതാ സമിതികളുടെ സേവനം ഉപയോഗിക്കാം.