കായിക മത്സരങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗരേഖ പുറത്തിറക്കി

ന്യൂഡൽഹി : കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കായിക മത്സരങ്ങൾ നടത്തുന്നതിനുള്ള മാർഗ്ഗരേഖ കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കി.

സ്റ്റേഡിയത്തിൽ 50 ശതമാനം ആൾക്കാരെ പ്രവേശിപ്പിക്കാം.സ്റ്റേഡിയത്തിനുള്ളിൽ മാസ്കുകൾ നിർബന്ധം. സാമൂഹിക അകലം ഉറപ്പാക്കണം. കഴിവതും ആറടി അകലം ഉറപ്പാക്കണം എന്നാണ് കായിക മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന മാർഗ്ഗരേഖയിൽ നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇത് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ബാധകമായിരിക്കില്ല.

കായിക മത്സരത്തിന്റെ വലുപ്പവും രോഗ വ്യാപന സാധ്യതയും കണക്കിലെടുത്ത് മത്സരം ആരംഭിക്കുന്നതിന് 72 മണിക്കൂറിന് ഉള്ളിൽ കായിക താരങ്ങൾക്ക് ആർ ടി – പി സി ആർ ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മാർഗ്ഗ രേഖയിൽ നിർദേശിച്ചിട്ടുണ്ട്.

ആർ ടി പി സി ആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവരെ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കാവൂ എന്നാണ് മാർഗ്ഗരേഖയിൽ നിർദേശിച്ചിരിക്കുന്നത്. കണ്ടൈൻമെന്റ് സോണിൽ നിന്നുള്ള കായിക താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകരുത്. സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് കായിക താരം ഉൾപ്പടെ എല്ലാവര്ക്കും തെർമൽ പരിശോധന നിർബന്ധമായിരിക്കും.

സ്റ്റേഡിയത്തിൽ പ്രവേശിക്കുന്ന കായിക താരങ്ങളെയും അവരോട് ഒപ്പമുള്ളവരെയും നിരീക്ഷിക്കുന്നതിന് കോവിഡ് ടാസ്ക് ഫോഴ്സ് രൂപീകരിക്കണം. കായിക താരത്തിന്റെ യാത്ര ഉൾപ്പടെയുള്ള കാര്യങ്ങളും ടാസ്ക് ഫോർസ് നിരീക്ഷിക്കണം.

സ്റ്റേഡിയത്തിൽ തിരക്ക് ഒഴിവാക്കണം. തിരക്ക് നിരീക്ഷിക്കാനായി സി സി ടി വി ക്യാമറകൾ സ്ഥാപിക്കണം. ശുചി മുറികളുൾപ്പെടെ എല്ലായിടങ്ങളും കൃത്യമായ ഇടവേളകളിൽ അണുമുക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മാർഗ്ഗ രേഖയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.