ചരിത്രത്തിൽ ഇന്ന് നവംബർ 16

ബേനസീര്‍ ഭൂട്ടോ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പദത്തിൽ

ബേനസീര്‍ ഭൂട്ടോ

  1988 നവംബര്‍ 16 നാണ്  ബേനസീര്‍ ഭൂട്ടോ    പാക്കിസ്ഥാന്റെ ഭരണാധികാരിയായി  അധികാരമേറ്റത്. ആധുനിക ഇസ്ലാമിക രാഷ്ട്രചരിത്രത്തിലെ ആദ്യത്തെ വനിത നേതാവെന്നാണ് ബേനസീറിനെ  വിശേഷിപ്പിച്ചിരുന്നത്  പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാവായിരുന്നു അവർ. 1947 ല്‍ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെട്ട് സ്വതന്ത്ര രാഷ്ട്രമായി മാറിയ നാള്‍തൊട്ട് പാക്കിസ്ഥാന്റെ ഭരണം ഭൂരിഭാഗം സമയവും പട്ടാള ഏകാധിപത്യത്തിനു കീഴിലായിരുന്നു. ബേനസീറിന്റെ പിതാവും പാക്കിസ്ഥാനിലെ പ്രമുഖ നേതാവുമായിരുന്ന സുള്‍ഫിക്കര്‍ ഭൂട്ടോയുടെ ഭരണം അട്ടിമറിച്ച് ജനറല്‍ സിയ ഉള്‍ ഹഖ് അധികാരത്തില്‍ വന്നു. സുള്‍ഫിക്കര്‍ ഭൂട്ടോയെ ജനറല്‍ സിയ തൂക്കിലേറ്റുകയും ചെയ്തു. ശേഷം ജനറല്‍ സിയ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ബേനസീറിന്റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്.1990 ല്‍ ബേനസറിന്റെ ആദ്യ ഗവണ്‍മെന്റ് പുറത്താക്കപ്പെട്ടെങ്കിലും 1993 ല്‍ വീണ്ടും അവര്‍ അധികാരത്തില്‍ തിരിച്ചെത്തി. ഈ സര്‍ക്കാരിന് 1996 ല്‍ അധികാരമൊഴിയേണ്ടി വന്നു. ബേനസീറിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണമാണ് വിനയായത്. 2007 ഡിസംബറില്‍ വീണ്ടുമൊരു ഇലക്ഷനെ നേരിടുന്നതിനിടയില്‍ ബേനസീര്‍ കൊലപ്പെട്ടു

നടൻ ജയൻ്റെ ഓർമ്മകൾക്ക്  40 വയസ്സ് 

ജയൻ

 മലയാളികളുടെ പ്രിയ നടൻ ജയൻ്റെ ഓർമ്മകൾക്ക് 40 വയസ്സ്.1980 നവംബർ 16-നാണ് അദ്ദേഹം വിടവാങ്ങിയത്. . തമിഴ്നാട്ടിൽ   ‘കോളിളക്കം എന്ന ചിത്രത്തിൻ്റെ  ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച അപകടം  ഉണ്ടായത്.   ഷൂട്ടിങ്ങിനിടെയുണ്ടായ  ഹെലികോപ്റ്റര്‍ അപകടമാണ്  ജയൻ്റെ ജീവനെടുത്തത്
മലയാള സിനിമയിൽ അതുവരെയുണ്ടായിരുന്ന നായക കഥാപാത്രങ്ങളെ മാറ്റി എഴുതി കൊണ്ടായിരുന്നു ജയന്റെ വരവ്. മലയാള സിനിമയിലെ ആദ്യത്തെ ആക്ഷൻ ഹീറോ എന്നു ജയനെ വിളിക്കാം. നായകനായുളള ജയന്റെ വളർച്ച പെട്ടെന്നായിരുന്നു. അതുപോലെ പെട്ടെന്നായിരുന്നു ജയന്റെ മരണവും.