ജൽജീവൻ മിഷൻ: റോഡ് കട്ടിങ് അനുമതി മൺസൂണിന് ശേഷം

ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികളുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാനായി റോഡ് കട്ടിങ് അനുമതിക്കുള്ള അപേക്ഷകളിൽ നിയമപ്രകാരം അനുമതി നൽകാവുന്നവയിൽ മൺസൂൺ കഴിഞ്ഞ ഉടൻ അനുമതി നൽകാൻ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ നിർദേശിച്ചു. ഡിഫക്ട് ലയബിലിറ്റി പിരിയഡ് (ഡിഎൽപി) നിലവിലുള്ള പൊതുമരാമത്ത് വകുപ്പ്, ദേശീയപാത റോഡുകളിൽ റോഡ് കട്ടിങ് അനുമതിക്കുള്ള മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി വെക്കാനും കളക്ടർ നിർദേശിച്ചു. ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കാനുള്ള ജില്ലാതല ജലശുചിത്വ മിഷന്റെ പത്താമത് യോഗത്തിലാണ് തീരുമാനം.
റോഡ് കട്ടിംഗ് അനുമതി ലഭിക്കാനുള്ള അപേക്ഷകളുടെ പട്ടിക മെമ്പർ സെക്രട്ടറിയായ വാട്ടർ അതോറിറ്റി എക്‌സിക്യുട്ടീവ് എൻജിനീയർ വിശദീകരിച്ചു. നിലവിലെ സർക്കാർ ഉത്തരവ് പ്രകാരം ഡിഎൽപി നിലവിലുള്ള റോഡുകളിൽ ഒരു വർഷമെങ്കിലും പൂർത്തിയായ ശേഷമേ അനുമതി നൽകാൻ സാധിക്കൂവെന്നും മൺസൂൺ ആരംഭിക്കുന്നതിനാൽ ആഗസ്റ്റ് അവസാനത്തോടെ മാത്രമേ അനുമതി പരിഗണിക്കാൻ സാധിക്കൂവെന്നും പൊതുമരാമത്ത് റോഡ്‌സ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഇതേതുടർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കളക്ടർ നിർദേശം നൽകിയത്. പട്ടികയിൽ ഉൾപ്പെട്ട ആറോളം റോഡുകളുടെ അനുമതിക്കായി ഡിമാൻറ് നോട്ടീസ് നൽകുമെന്നും എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
നിർവ്വഹണ സഹായ ഏജൻസി(ഐഎസ്ഒ)കളുടെ പ്രവൃത്തികളും അവരുടെ ക്ലെയിം ഫോമുകൾ അംഗീകരിക്കുന്നത് സംബന്ധിച്ചും പൊതുമാർഗരേഖ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. വിവിധ പഞ്ചായത്തുകളിലെ ഐഎസ്ഒകൾ സമർപ്പിച്ച ക്ലെയിമുകൾ അംഗീകരിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. ജില്ലാതല ശുചിത്വ മിഷൻ അംഗങ്ങൾ സംബന്ധിച്ചു.