കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഉത്തരവ് ഇറങ്ങി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ ഉത്തരവ് ഇറങ്ങി. സർക്കാർ ഏറ്റെടുത്ത കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ബിംസ് സോഫ്റ്റ്‌വെയർ വഴിയാണ് ശമ്പളം നൽകി വരുന്നത്. എന്നാൽ സ്പാർക് സോഫ്റ്റ്‌വെയർ വഴി മാത്രമേ ശമ്പളം നൽകാൻ സാധിക്കുകയുള്ളു എന്ന ഗവണ്മെന്റ് ഓർഡർ നില നിൽക്കുന്നതിനാൽ ഈ മാസത്തെ ശമ്പളം ഇത് വരെയായി നൽകാൻ സാധിച്ചിട്ടില്ല. ആഗിരണത്തിന്റെ ഭാഗമായുള്ള സ്ഥിര ജീവനക്കാർക്ക് ബിംസ് വഴി ശമ്പളം നൽകാനുള്ള ഉത്തരവ് മെയ്‌ 17ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു. എന്നാൽ കരാർ അടിസ്ഥാനത്തിൽ ഉൾപ്പടെയുള്ള 328 ജീവനക്കാർക്കുള്ള ശമ്പളത്തിന്റെ കാര്യത്തിൽ വ്യക്തത ഉണ്ടായിരുന്നില്ല. തുടർന്ന് ഈ വിഷയം ധന, ആരോഗ്യ മന്ത്രിമാരുടെ അടിയന്തര ശ്രദ്ധയിൽ എം വിജിൻ എം. എൽ. എ കൊണ്ട് വന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 328 ജീവനക്കാരുടേത് ഉൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും രണ്ട് മാസത്തേക്ക് കൂടി നിലവിലുള്ള രീതിയിൽ ശമ്പളം നൽകാൻ അനുമതി നൽകി സർക്കാർ ഉത്തരവായത്.