ഡെ. മേയറെ നിശ്ചയിച്ചതിനെ ചൊല്ലി ലീഗിൽ ഭിന്നത രൂക്ഷം.

ഡെ. മേയറെ നിശ്ചയിച്ചതിനെ ചൊല്ലി ലീഗിൽ ഭിന്നത രൂക്ഷം. സംസ്ഥാന വൈസ് പ്രസിഡണ്ട് , ജില്ലാ പ്രസിഡണ്ട്, ജില്ലാ ജനറൽ സെക്രട്ടറി എന്നിവരെ പ്രവർത്തകർ തടഞ്ഞു

കാറിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് കണ്ണൂർ മേഖല ജന.സെക്രട്ടറി റാഷിദ് തായത്തെരു രാജിവെച്ചു. ഷബ്ന ടീച്ചറെ ഡെ. മേയറാക്കിയതിനെതിരെയാണ് പ്രതിഷേധം.

ഇന്നലെ രാത്രി വരെ നടന്ന ചർച്ചയെ തുടർന്ന് ഡെപ്യൂട്ടി മേയറായി കെ.ഷബീനയെ തിരഞ്ഞെടുക്കുകയായിരുന്നു. പരിഗണനയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ തള്ളി കൊണ്ടാണ് ഷബീനയെ തിരഞ്ഞെടുക്കപ്പെട്ടത്.

ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ യുഡിഎഫ് യോഗം കഴിഞ്ഞിറങ്ങിയ അബ്ദുൾ ഖാദർ മൗലവിയെ തടഞ്ഞുവെക്കുകയായിരുന്നു. 15 മിനുട്ടോളം പ്രവർത്തകർ പ്രതിഷേധിച്ചു. “ജനാധിപത്യം പാലിച്ചില്ല. കോൺഗ്രസിൽ നടന്നത് പോലെ ഒരു വോട്ടെടുപ്പിന് പോലും തയ്യാറായില്ല” എന്നും അവർ ആരോപിച്ചു. ലീഗിനെ നശിപ്പിക്കുകയാണ് അബ്ദുൾ ഖാദർ മൗലവിയെന്ന് അദ്ദേഹത്തെ തടഞ്ഞുവെച്ചുകൊണ്ട് പ്രവർത്തകർ ആരോപിച്ചു.

പ്രവർത്തകരെ പിന്നീട് അനുനയിപ്പിച്ചെങ്കിലും ചർച്ചകൾ നടക്കാതെ ഡെപ്യൂട്ടി മേയറെ തിരഞ്ഞെടുത്തത് പാർട്ടിക്കുളിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.