ചരിത്രത്തിൽ ഇന്ന് നവംബർ 12

ദേശീയ പക്ഷിനിരീക്ഷണ ദിനം

ഡോ:സാലീം അലി

പ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ. സാലീം അലിയുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നത്. പക്ഷി നിരീക്ഷണത്തിലൂടെ നിരവധി സംഭാവനകള്‍ ശാസ്ത്ര ലോകത്തിനു സമ്മാനിച്ച ഗവേഷകനാണ് സാലീം അലി.ബേര്‍ഡ് മാന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സാലിം അലിയുടെ 124ാം ജന്മദിനമാണ് ഇന്ന്.1896 നവംബര്‍ 12 ന് മുംബൈയിലാണ് സാലീം മൊഹിയുദ്ദീന്‍ അബ്ദുള്‍ അലി എന്ന സാലീം അലി ജനിച്ചത്.ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ പക്ഷികളെ നിരീക്ഷിച്ച് അവയുടെ ജീവിതരീതിയും മറ്റ് സവിശേഷതകളും കണ്ടെത്തി ലോകത്തിനു പകര്‍ന്ന സാലീം അലി കേരളത്തിലെ പക്ഷികളെ കുറിച്ചും പഠനം നടത്തി. . ദി ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്സ്, ഹാന്‍ഡ് ബുക്ക് ഓഫ് ദി ബേഡ്സ് ഓഫ് ഇന്ത്യ എന്നീ പുസ്തകങ്ങളും ദി ഫാള്‍ ഓഫ് ദി സ്പാരോ എന്ന ആത്മകഥയും അദ്ദേഹം രചിച്ചു.

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 84ാം വാര്‍ഷികം

ക്ഷേത്രപ്രവേശന വിളംബരം

ജാതിമതഭേദമില്ലാതെ എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി നല്‍കിയ ക്ഷേത്ര പ്രവേശനം വിളംബരത്തിന്റെ 84ാം വാര്‍ഷികമാണ്
ഇന്ന്.1936 നവംബര്‍ 12നു ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവാണ് വിളംബരം പുറപ്പെടുവിച്ചത്.തിരുവിതാംകൂറിലും പിന്നീട് കേരളമൊട്ടാകെയും സാമൂഹികപുരോഗതിക്ക് ഈ വിളംബരം  വഴിയൊരുക്കി. എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനത്തിന് അനുമതി ലഭിച്ചതോടെ ഇന്ത്യയിലാദ്യമായി സര്‍ക്കാരുടമസ്ഥതിയിലുള്ള ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്കും പ്രവേശനം നൽകുന്ന നാട്ടുരാജ്യമായി തിരുവിതാംകൂര്‍ മാറി.

ഒന്നാം വട്ടമേശ സമ്മേളനം നടന്നിട്ട് 90 വര്‍ഷം

ഒന്നാം വട്ടമേശ സമ്മേളനം

ഇന്ത്യയിലെ ഭരണഘടനാപരമായ പരിഷ്‌കരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി 1930 മുതല്‍ 1932 വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കൂടി ചേര്‍ത്തുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ സമ്മേളനങ്ങളാണ് വട്ടമേശ സമ്മേളനങ്ങള്‍.
1930 നവംബര്‍ 12നാണ് സമ്മേളനങ്ങള്‍ക്ക് തുടക്കമായത്. സൈമണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് വട്ടമേശ സമ്മേളനങ്ങള്‍ നടത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചത്.ബ്രിട്ടീഷ് ചക്രവര്‍ത്തിയായിരുന്ന ജോര്‍ജ് അഞ്ചാമനായിരുന്നു ഒന്നാം വട്ടമേശ സമ്മേളനം ഉദ്ഘാടനം ചെയ്തത്.  ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന റംസേ മക്‌ഡൊണാള്‍ഡ് ആയിരുന്നു ഈ ചടങ്ങിലെ അധ്യക്ഷന്‍.
ബ്രിട്ടനില്‍ നിന്നും 16 പ്രതിനിധികളും. ബ്രിട്ടീഷ് ഇന്ത്യയില്‍നിന്നും 58 രാഷ്ട്രീയ നേതാക്കളും രാജഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍നിന്നും 16 പേരും പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുത്തു.എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുത്തില്ല.  നേതാക്കളില്‍ ധാരാളം പേര്‍ ഈ സമയത്ത് സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയായിരുന്നു.
ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവുമായി ബന്ധപ്പെട്ടും ഡോ. ബി.ആര്‍. അംബേദ്കറിന്റെ ആവശ്യപ്രകാരം ദളിതര്‍ക്ക് പ്രത്യേക വോട്ടവകാശം നല്‍കുന്നതിനെക്കുറിച്ചും സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടന്നു.