പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടി, ചിത്രം വൈറൽ; ഹൈസ്പീഡ് നെറ്റുമായി കമ്പനികള്
മലപ്പുറം ∙ പുരപ്പുറത്തിരുന്ന് പഠിക്കുന്ന പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീടിനുള്ളിൽ നെറ്റ്വർക്ക് കുറവായതാണ് കോട്ടക്കൽ സ്വദേശിനി നമിത നാരായണനെ പുരപ്പുറത്ത് കയറ്റിയത്. കുറ്റിപ്പുറം കെഎംസിടി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎ മൂന്നാം വർഷ വിദ്യാർഥിനിയാണ് നമിത. പുരപ്പുറത്ത് കയറാൻ ഉണ്ടായ സാഹചര്യവും ഇപ്പോൾ അത് പരിഹരിച്ചതെങ്ങനെയെന്നും നമിത പങ്കുവയ്ക്കുന്നു.
ജൂൺ ഒന്നിന് തന്നെ കോളജിലെ ക്ലാസുകൾ ഓൺലൈനായി തുടങ്ങിയിരുന്നു. എന്നാൽ മോശം നെറ്റ്വർക്ക് മൂലം ക്ലാസിൽ പങ്കെടുക്കാൻ സാധിച്ചില്ല. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാനാണ് പുരപ്പുറത്തേക്ക് കയറിയത്. ഇരുനില വീടിന്റെ മുകളിൽ മുമ്പും പലതവണ മറ്റുപല ആവശ്യങ്ങൾക്കായി കയറിയിട്ടുണ്ട്. എന്നാൽ പഠിക്കാനായി ഇതാദ്യമാണ് കയറുന്നത്. താൻ പുരപ്പുറത്തിരുന്ന് പഠിക്കുന്ന ചിത്രം സഹോദരി നയനയാണ് വാട്സാപ്പിൽ സ്റ്റാറ്റസായി ഇട്ടത്. ഇതാണ് വൈറലായത്. പിന്നീട് ഇതു വാർത്ത ആകുകയായിരുന്നു.
മലപ്പുറം കോട്ടക്കലാണ് സ്ഥലം. കുറച്ചു താഴ്ന്ന പ്രദേശത്താണ് വീട് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ നെറ്റ്വർക്ക് പ്രശ്നങ്ങളുണ്ട്. വാർത്ത കണ്ട് പല ഇന്റർനെറ്റ് സേവനദാതാക്കളും വിളിച്ചിരുന്നു. ജിയോ ആണ് ആദ്യം സമീപിച്ചത്. മൂന്ന് മാസത്തെ സൗജന്യ അതിവേഗ കണക്ഷൻ അനുവദിച്ചു. ടെക്നീഷ്യൻമാരെത്തി എന്റെ ഫോണിൽ ഫുൾ റേഞ്ചുള്ള കണക്ഷൻ ലഭ്യമാക്കി. ഇത് ഉപയോഗിച്ച് ഇപ്പോൾ പഠനം തുടങ്ങിയിരിക്കുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല, സമീപത്തുള്ള നിരവധി വിദ്യാർഥികളുടെ സ്ഥിതിയും ഇതു തന്നെയാണെന്ന് നമിത പറയുന്നു.
പഠിക്കാൻ വളരെ താൽപര്യമുണ്ട്. പഠിച്ച് സിവിൽ സർവീസ് നേടുക എന്നതാണ് നമിതയുടെ സ്വപ്നം. പുരപ്പുറത്തിരുന്ന് പഠിക്കുന്ന നമിതയുടെ ചിത്രം കണ്ട് സ്ഥലം എംഎൽഎ സയിദ് അബിദ് ഹുസൈൻ തങ്ങൾ വിളിച്ച് അന്വേഷിച്ചിരുന്നു. പഠിക്കാൻ നമിത കാണിച്ച ഉത്സാഹത്തെ ഇ.ടി.മുഹമ്മദ് ബഷീർ എംപി വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു