ബീഹാറിൽ എൻ.ഡി.എ സഖ്യം അധികാരം നിലനിർത്തി.

ബീഹാറിൽ എൻ.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. 243 അംഗ സഭയിൽ 125 സീറ്റുകൾ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം ഭരണത്തുടർച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്.

വോട്ടെണ്ണലിനൊടുവിൽ മഹാസഖ്യത്തിന് 110 സീറ്റുകൾ നേടാനെ സാധിച്ചുള്ളു. 75 സീറ്റുകൾ നേടി ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടാക്കി ബി.ജെ.പി 74 സീറ്റ് നേടിയപ്പോൾ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 43 സീറ്റുകളിൽ ഒതുങ്ങി.

കോൺഗ്രസ് 19 സീറ്റുകളിൽ ഒതുങ്ങിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. അതേസമയം ഇടതുപാർട്ടികൾ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമുണ്ടാക്കി. 29 സീറ്റുകളിൽ മത്സരിച്ച ഇടത് പാർട്ടികൾ 16 ഇടത്തും ജയിച്ചു.

എൻ.ഡി.എ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എൽ.ജെ.പി ഒറ്റ സീറ്റിൽ ഒതുങ്ങി. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകൾ പിടിച്ചെടുത്തു. ഹിന്ദുസ്ഥാനി അവാം മോർച്ചയും വികാസ് ശീൽ ഇൻസാൻ പാർട്ടിയും നാല് സീറ്റുകൾ വീതം നേടി.