രാജസ്ഥാനിലെ സ്വപ്‌നഭൂമി-ദൗസ

രാജസ്ഥാന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന ദൗസ…മലനിരകളാല്‍ ചുറ്റപ്പെട്ട പ്രകൃതിമനോഹരമായ ഇടം…ആരവല്ലി പര്‍വ്വത നിരകളുടെ തുടര്‍ച്ചയായ മലനിരകള്‍ ഇവിടെ ധാരാളം കാണാം. ശാന്തമായ അന്തരീക്ഷമാണ് ഇവിടെ എല്ലായ്‌പ്പോഴുമുള്ളത്.സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പോന്ന എല്ലാ വിധ ചേരുവകളും ചേര്‍ത്ത് പ്രകൃതി ഒരുക്കിയ കാഴ്ചാനുഭവം…

ദൗസയിലെ ഏറ്റവും പ്രധാനപ്പെട്ട കാഴചകളില്‍ ഒന്നാണ് ചാന്ദ് ബാവോരി. ഭൂമിക്കടിയിലേക്ക് നിര്‍മ്മിക്കപ്പെട്ട പടവ്കിണറാണിത്. ലോകത്തിലെ ഏറ്റവും വലിയ പടവ് കിണര്‍ എന്ന പ്രത്യേകതയും ചാന്ദ് ബാവോരിക്കുണ്ട്. ഒന്‍പതാം നൂറ്റാണ്ടില്‍ ഇത് നിര്‍മ്മിക്കപ്പെട്ടു ചാന്ദ് ബാവോരിക്ക് 3500 പടിക്കെട്ടുകളാണ് ഉള്ളത്. ചതുരാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പടവ് കിണറിന്റെ ഓരോ വശത്തിനും 35 മീറ്റര്‍ നീളമാണുള്ളത്. 100 അടി താഴ്ചയുള്ള ഇത് 13 നിലകളിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ടതാണ് ഈ പടവ് കിണര്‍ എന്നാണ് വിശ്വാസം. രാജസ്ഥാനിലെ അബ്നേരി ഗ്രാമത്തില്‍ നിര്‍മ്മിച്ച ചാന്ത് ബൗരി എന്ന നികുംബ രാജവംശത്തിലെ ചന്ദ്ര രാജാവിന്റെ നേതൃത്വത്തിലാണ് നിര്‍മ്മിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്

ദൗസയിലെ മറ്റൊരു ആകര്‍ഷണമാണ് ഹര്‍ഷത് മാതാ ക്ഷേത്രം. ചാന്ദ് ബാവോരി പടവ് കിണറിന് തൊട്ടടുത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് ഗസാനിയുടെ അധിനിവേശ കാലത്ത് ഈ ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിക്കപ്പെട്ടിരുന്നു. ഈ ക്ഷേത്രം ഹര്‍ഷത് മാതാ എന്ന ”ആമോദത്തിന്റെ ദേവത”യ്ക്കായി പണികഴിപ്പിച്ചതാണ്.മധ്യ കാല ഇന്ത്യയിലെ വാസ്തു വിദ്യാവൈഭവം വിളിച്ചോതുന്ന നിര്‍മിതിയാണിത്.

.

അതിമനോഹരമായ നിര്‍മ്മാണം കാണണമെങ്കില്‍ ദൗസയിലെ ബാന്ധാരെജില്‍ എത്തണം.മഹാഭാരത കാലത്തില്‍ ഭദ്രാവതി എന്നറിയപ്പെടുന്ന ഇടമാണ് ബാന്ധാരെജ്.
ബാന്ധാരെജ് പടവ് കിണറും ഭദ്രാവതി കൊട്ടാരവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

.

ദൗസയിലെ കാഴ്ചകളില്‍ മറ്റൊരു പ്രധാന ഇടമാണ് ജയ്പൂരില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള ലോട്ട്വാര. ലോട്ട്വാരാ കോട്ടയാണ് ഇവിടുത്തെ പ്രധാന കാഴ്ച. 17-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ടക്ക് ഏറെ ചരിത്രപ്രാധാന്യമുണ്ട്. കണ്ണിന് കുളിര്‍മനല്‍കാന്‍ എത്തുന്ന മയില്‍ക്കൂട്ടങ്ങളും നമ്മെ അതിശയിപ്പിക്കും