ലഡാക്കിലെ മൂണ്‍ലാന്റ്…ലാമയാരു

സഞ്ചാരികളുടെ സ്ഥിരം വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ലഡാക്ക്. എത്രപോയാലും കണ്ടുതീര്‍ക്കാന്‍ കഴിയാത്ത, കണ്ടു മതിയാവാത്ത മനോഹരമായ ഇടം. ജീവിതത്തില്‍ ഇത്രയേറെ മനോഹരങ്ങളായ സ്ഥലങ്ങള്‍ ഉണ്ടോയെന്ന് അദ്ഭുതെ തോന്നിപ്പിക്കുന്ന സ്ഥലം. എന്നാല്‍ ഇവിടെ നിന്നും വീണ്ടും മുന്നോട്ട് പോയാല്‍ എത്തിച്ചേരുന്ന സ്വര്‍ഗ്ഗതുല്യമായ മറ്റൊരു സ്ഥലമാണ് ലാമയാരു. പച്ചപ്പും മനോഹാരിതയും ഒക്കെ സൂക്ഷിക്കുന്ന അതിമനോഹരമായ പ്രദേശമാണിത്. ലേ-ശ്രീനഗര്‍ ഹൈവേയിലെ ഏറ്റവും ഉയരമുള്ള മലയിടുക്കായ ഫോട്ടു ലാ പാസിനു സമീപമാണ് ലാമയാരു. ഭൂമിയുടെ രൂപത്തേക്കാളും ചന്ദ്രന്റെ ഉപരിതല കാഴ്ചകളോടാണ് ഈ പ്രദേശത്തിന് കൂടുതല്‍ സാമ്യം. ലഡാക്കിലെ മൂണ്‍ ലാന്‍ഡ് എന്നും മൂണ്‍സ്‌കേപ്പ് എന്നുമൊക്കെയാണ് ഈ പ്രദേശത്തെ സഞ്ചാരികള്‍ വിളിക്കുന്നത്. ഇവിടുത്തെ മണ്ണും മലയും ചേര്‍ന്ന ഭൂപ്രകൃതി ഓര്‍മ്മിപ്പിക്കുന്നത് ചന്ദ്രന്റൈ ഉപരിതലത്തിനെയാണത്രെ. അപൂര്‍വ്വമായ ഈ ദൃശ്യം കാണാനാണ് യാത്രക്കാര്‍ ഈ സ്ഥലം കൂടുതലും തിരഞ്ഞെടുക്കുന്നത്. വളരെ വിചിത്രമെന്നു തോന്നിക്കുന്ന രൂപപ്പെടലാണ് ഈ പ്രദേശത്ത് ഭൂമിക്കുള്ളത്.

പൗര്‍ണ്ണമി നാളിലാണ് ലാമയാരുവിലേക്ക് എത്തുന്നതെങ്കില്‍ ലാമയാരുവിനെ മറ്റൊരു രൂപത്തില്‍ തന്നെ കാണാം. ആകാശത്തിന്റെ ഇളം വെളിച്ചത്തില്‍ ഭൂമിയില്‍ കാല്‍കുത്തി നിന്ന് ചന്ദ്രനെ കാണുന്ന പ്രതീതിയാണ് ലാമയരു സഞ്ചാരികള്‍ക്ക് നല്കുന്നത്.

ചന്ദ്രന്റെ ഉപരിതല കാഴ്ചകള്‍ കഴിഞ്ഞാല്‍ ഇവിടെ കാണുവാനുള്ളത് ലാമയാരു ആശ്രമമാണ്. സമുദ്ര നിരപ്പില്‍ നിന്നും 3510 മീറ്റര്‍ ഉയരത്തില്‍ ശ്രീ നഗര്‍-ലേ ഹൈവേയില്‍ ഫോട്ടുലാ പാസില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണുള്ളത്. ‘മഹാസിദ്ധകാര്യ നരോപ’ എന്നു പേരായ ഇന്ത്യന്‍ സന്യാസിയാണ് ലാമയാരു ആശ്രമം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. 150 ബുദ്ധ സന്യാസിമാരാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്.

താതമ്യേന ബഹളവും ആള്‍ത്തിരക്കും കുറഞ്ഞ ഈ സ്ഥലം ശാന്തമായി സന്ദര്‍ശിക്കാന്‍ ഏറെ യോജിച്ചതാണ്. ശാന്തമായ അന്തരീക്ഷവും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളുമാണ് ഇവിടെയുള്ളത്.