വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടെന്നും പൊലീസ് കോടതിയെ അറിയിക്കും. ഇക്കാരണത്താൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന നിലപാടിലാണ് പൊലീസ്. 

കോടതി നടപടികൾ വൈകുന്നതിനാലാണ് വിജയ് ബാബു ജോർജിയയിലേക്ക് പോയതെന്നാണ് സൂചന. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി യാതൊരു കരാറും ഇല്ലാത്ത രാജ്യമാണ് ജോർജിയ. ഈ സാഹചര്യത്തിലാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ് ഒരുങ്ങുന്നത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള കൈമാറ്റ ഉടമ്പടി ഇല്ലാത്ത രാജ്യങ്ങൾക്കും റെഡ് കോർണർ നോട്ടീസ് ബാധകമാണ്. നിയമം മറികടന്നുള്ള യാത്ര വിജയ് ബാബുവിനെ ബുദ്ധിമുട്ടിലാക്കും. കാര്യങ്ങൾ ബുദ്ധിമുട്ടേറിയ തലത്തിലേക്ക് കൊണ്ടുപോകരുതെന്ന് പൊലീസ് കമ്മീഷണർ വിജയ് ബാബുവിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.