ശനിയും ഞായറും ലോക്ഡൗണിന് സമാനം,നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ശനിയും ഞായറും ലോക്ഡൗണിന് സമാനമായ നിയന്ത്രണം ആയിരിക്കും ഉണ്ടായിരിക്കുക എന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിയന്ത്രണങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത്:

നാളെയും മറ്റന്നാളും വീട്ടിൽ തന്നെ നിൽക്കുന്ന രീതി പൊതുവിൽ അംഗീകരിക്കുന്നുണ്ട്. ഈ ദിവസങ്ങൾ കുടുംബത്തിനായി മാറ്റിവെക്കണം. അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളിൽ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താം. അടഞ്ഞ സ്ഥലങ്ങളിൽ 75 പേർക്കും തുറസായ ഇടങ്ങളിൽ 150 പേർക്കുമാണ് പരമാവധി പ്രവേശനം. ഇത് ഉയർന്ന സംഖ്യയാണ്. കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മരണാനന്തര ചടങ്ങിൽ 50 പേർക്കേ പങ്കെടുക്കാവൂ. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. ദീർഘദൂര യാത്ര ഒഴിവാക്കണം.
അവശ്യ യാത്രകൾക്ക് പോകുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിൻ, വിമാന സർവീസുകൾ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം. ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങുന്നവർ സത്യപ്രസ്താവന കയ്യിൽ കരുതണം.
പാൽ, പത്രം, ജലവിതരണം, വൈദ്യുതി, മാധ്യമം തുടങ്ങിയവയ്ക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട്. വീടുകളിൽ മത്സ്യമെത്തിച്ച് വിൽക്കാം. വിൽപ്പനക്കാർ മാസ്ക് ധരിക്കണം.

ഹയർ സെക്കണ്ടറി പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. അധ്യാപകർക്കും കുട്ടികൾക്കും ഇതിനായി യാത്ര ചെയ്യാം. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്ന രക്ഷിതാക്കൾ ഉടൻ മടങ്ങണം. കൂടി നിൽക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടൽ നടത്താനും കളക്ടർമാർക്ക് നിർദ്ദേശം നൽകി.

വായുമാർഗം രോഗബാധയ്ക്ക് സാധ്യത കൂടിയെന്ന് ലാൻസെറ്റിന്റെ പുതിയ പഠനം പറയുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വായു വഴി വൈറസ് എത്തി കൊവിഡ് ബാധിക്കും. അതുകൊണ്ട് മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം വരാനുള്ള സാധ്യത വളരെ കൂടും. മാസ്കുകളുടെ ശരിയായ ഉപയോഗം കർശനമായി പിന്തുടരണം. എസി ഹാളുകൾ, അടച്ചിട്ട മുറികൾ ഇവയൊക്കെ വലിയ തോതിൽ രോഗവ്യാപന സാധ്യതയുണ്ടാക്കും. രോഗലക്ഷണം കണ്ടയുടനെ ടെസ്റ്റിങിന് വിധേയരാകാൻ എല്ലാവരും തയ്യാറാകണം. വ്യാപനം രൂക്ഷമായതിനാൽ ആ ലക്ഷണങ്ങൾ കൊവിഡിന്റെതാകാൻ സാധ്യത കൂടുതലാണ്. തൊട്ടടുത്ത ടെസ്റ്റിങ് സെന്ററിൽ ചെന്ന് പരിശോധന നടത്തണം. ആവശ്യമായ ചികിത്സയും മുൻകരുതലും സ്വീകരിക്കണം. ആർടിപിസിആർ ടെസ്റ്റ് ചെയ്തവർ രോഗ ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഐസൊലേഷനിൽ കഴിയണം. വാക്സീനേഷൻ കേന്ദ്രങ്ങളിൽ പരമാവധി സൗകര്യം ഒരുക്കും. മറ്റ് രോഗമുള്ളവർക്കും വയോജനങ്ങൾക്കും പ്രത്യേക കൗണ്ടർ തുറക്കും. ആദിവാസി മേഖലകളിൽ വാക്സീനേഷന് സൗകര്യം ഒരുക്കും.