സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും, കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ എം അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയ വഫാത്തായി
കാസറഗോഡ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ എം അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയ വഫാത്തായി. 86 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് അഞ്ചിന് ഷിറിയ ലത്വീഫിയയിൽ നടക്കും.
1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം ദമ്പതികളുടെ മകനായി കാസർകോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം. പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനരംഭം. മുട്ടം ജുമാമസ്ജിദിൽ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ലാസ് വരെ സ്കൂൾ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്കൂളിലെയും ഗുരുനാഥൻ.
ഒളയം മുഹ് യുദ്ദീൻ മുസ്ലിയാരിൽ നിന്നാണ് ദർസാരംഭം. പിന്നീട് സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുക്കൽ രണ്ട് വർഷം പഠനം നടത്തി. അൽ ബയാൻ മാസിക പത്രാധിപരും സമസ്ത മുശാവറ അംഗവുമായിരുന്ന കാടേരി അബ്ദുൽ കലാം മുസ്ലിയാരുടെ പക്കൽ പരപ്പനങ്ങാടിയിൽ ദർസ് പഠനം തുടർന്നു. 1952ൽ പൊസോട്ട് ജുമാമസ്ജിദിൽ പൈവളിഗെ മുഹമ്മദ് ഹാജി മുസ്ലിയാരുടെ ദർസിൽ. പിറ്റേ വർഷം ഉപരിപഠനാർഥം തളിപ്പറമ്പ് ഖുവത്തുൽ ഇസ്ലാം അറബിക് കോളജിലേക്ക് പോയി. ഇ കെ അബൂബക്കർ മുസ്ലിയാരായിരുന്നു മുദർറിസ്. ഇ കെ ഹസൻ മുസ്ലിയാരും സി എം വലിയുല്ലാഹിയും ആയിരുന്നു കിതാബുകൾ ഓതിക്കൊടുത്തത്.
പിന്നീട് നാട്ടിൽ ഖത്വീബ് ആയി സേവനം ചെയ്യുമ്പോൾ നാട്ടിനടുത്ത് മുഹമ്മദാജി ഉസ്താദിന്റെ ദർസിൽ പഠനം നടത്തി. നെല്ലിക്കുന്നിലും ദർസ് ഓതി. നാട്ടിലെ ജോലി മതിയാക്കി അലിക്കുഞ്ഞി മുസ്ലിയാർ പരപ്പനങ്ങാടിയിൽ കോട്ടുമല അബൂബക്കർ മുസ്ലിയാരുടെ ദർസിൽ ചേർന്നു. ഏഴ് വർഷമാണ് ഇവിടെ പഠിച്ചത്. 1962 ൽ ദയൂബന്ത് ദാറുൽ ഉലൂമിൽ ഉപരിപഠനം. ഖത്വീബുൽ ഹിന്ദ് ഖാരിഅ് മുഹമ്മദ് ത്വയ്യിബ് ആയിരുന്ന അവിടെ പ്രഥാന ഗുരുനാഥൻ. ദൗറത്തുൽ ഹദീസിലാണ് പഠനം നടത്തിയത്.
കാസർകോട് ജില്ലയിലെ കുമ്പോലിലാണ് ആദ്യമായി ദർസ് നടത്തിയത്. മുപ്പതാം വയസ്സിൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി. താജുശ്ശരീഅ എന്നാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്.
സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, ബേക്കൽ ഇബ്റാഹിം മുസ്ലിയാർ, സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങൾ കുമ്പോൽ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാർ, മർഹൂം കാക്കൂ ഉമർ ഫൈസി, എം എസ് തങ്ങൾ മദനി മാസ്തിക്കുണ്ട്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ചെർക്കള അഹ്മദ് മുസ്ലിയാർ, മജീദ് ഫൈസി ചെർക്കള, തുടങ്ങിയവർ പ്രധാന ശിഷ്യരാണ്.
ഭാര്യ: മർയംഹജ്ജുമ്മ. മക്കൾ:അബ്ദുറഹ്മാൻ നിസാമി, അബൂബക്കർ എം, ത്വയ്യിബ്, ഹാഫിള് അൻവർ അലി സഖാഫി, ആയിഷ, സൈനബ, കുബ്റ, റാബിഅ.
സഹോദരങ്ങൾ: കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാൻ ഹാജി, മുഹമ്മദ് അബൂബക്കർ ഹാജി, മൂസ, ആഇഷ, ഹവ്വാഉമ്മ, അബ്ദുല്ല