സുമനസ്സുകളുടെ സഹായത്തിനായ് കാത്തിരിക്കുകയാണ് ഈ കുടുംബം
കണ്ണപുരം ഗ്രാമ പഞ്ചായത്തിൽപ്പെട്ട ചുണ്ടയിലെ സതി എന്ന അമ്മയ്ക്ക് മുന്നിൽ 23 വയസ് പ്രായമായ പ്രതികരണ ശേഷിയില്ലാത്ത, കിടന്ന കിടപ്പിൽ കഴിയുന്ന സ്നേഹ എന്ന മകളും കൂട്ടിന് കുറെ കടബാധ്യതകളും മാത്രം മിച്ചം. ഭർത്താവിന്റെ ആകസ്മിക മരണത്തോട് കൂടി തികച്ചും അനാഥമായ ഒരു കുടുംബം. സുമനസ്സുകളുടെ സഹായത്തിനായ് കാത്തിരിക്കുകയാണ് ഈ കുടുംബം
30 വർഷം മുമ്പാണ് തലശ്ശേരി കാവുംഭാഗം ബാവാച്ചി മുക്കിലുള്ള സതിയെ ചുണ്ടയിലുള്ള പൊന്തെൻ ഗോവിന്ദൻ വിവാഹം കഴിച്ച് കണ്ണപുരം ചുണ്ടയിൽ താമസം തുടങ്ങിയത്.
അന്ന് ഗോവിന്ദൻ നെയ്ത് തൊഴിലാളിയായിരുന്നു. ഒരു വിധം തടസമില്ലാതെ കുടംബം മുന്നോട്ട് പോയി. നാല് വർഷങ്ങൾക്ക് ശേഷം സ്നേഹ ജനിച്ചു.പതിനഞ്ചാം ദിവസം ഉണ്ടായ ഒരു ചെറിയ പനി പിഴച്ച് മസ്തിഷ്ക ജ്വരമായി സ്നേഹയുടെ തലച്ചോറിന്റെ ഒരു ഭാഗം പൂർണ്ണമായും നശിച്ച് പോയെന്നാണ് ഡോക്ടർമാരുടെ നിഗമനം.
കയറി ഇറങ്ങാത്ത ആശുപത്രികളില്ല. അലോപ്പതി, ആയൂർവ്വേദം, ഹോമിയോ എല്ലാം പരീക്ഷിച്ചു. അസുഖം മാറിയില്ല. സഹായത്തിന് അഭ്യർത്ഥിക്കുവാൻ ഇനിമുട്ടാത്ത വാതിലുകളില്ല.തനിക്ക് കഴിയുന്ന എല്ലാ ജോലികളും ചെയ്ത് കുടുംബത്തെ കരകയറ്റാനും, മകളെ ചികിത്സിക്കാനും ഗോവിന്ദൻ ഏറെ ശ്രമിച്ചു.
വിശ്രമമില്ല, ആവശ്യത്തിന് ഭക്ഷണമില്ല, അതിലേറെ മാനസിക സമ്മർദ്ദം. എല്ലാം കൊണ്ടും അവശനായ ഗോവിന്ദൻ ഈ കഴിഞ്ഞ ജൂൺ 25 ന് ഹൃദയാഘാതം മൂലം മരിച്ചു.

കിടന്ന കിടപ്പിൽ നിന്ന് പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത മകളെയും കൊണ്ട് ഈ അമ്മ എങ്ങിനെ മുന്നോട്ട് പോകും?
സതിക്ക് ആകെയുള്ളത് കുടികിടപ്പ് അവകാശമായി ലഭിച്ച 10 സെന്റ് സ്ഥലവും പഞ്ചായത്തിന്റെ ധനസഹായത്തോടെ നാല് വർഷം മുമ്പ് നിർമ്മിച്ച ഒരു ചെറിയ വീടും മാത്രം. ഒരു വിധത്തിലുള്ള കഴിവും ഇല്ലാത്ത മകൾക്ക് ഡിഫറന്റലിഏബിൾഡ് വിഭാഗത്തിൽപ്പെടുത്തി 1300 രൂപ പെൻഷൻ ലഭിക്കുന്നുണ്ട്. ഇതാണ് കുടുംബത്തിന്റെ ഏക വരുമാനം.
ഈ തുച്ഛമായ വരുമാനം കൊണ്ട് മകൾക്കും തനിക്കും മരുന്നു വാങ്ങണോ, അതോ കടം വീട്ടണോ,നിത്യ ജീവിതത്തിന് വേണ്ട സാധനങ്ങൾ വാങ്ങണോ? അപസ്മാര രോഗിയായ കുട്ടിയുടെ ചികിത്സക്ക് അയ്യായിരം രൂപയിലധികം പ്രതിമാസം ചെലവാകുന്നുണ്ട്.
അത്യാവശ്യം തുന്നൽ തൊഴിൽ അറിയാമെങ്കിലും മകളെയും കൊണ്ട് എങ്ങിനെ ജോലി ചെയ്യും.തുണി വാങ്ങാനോ, നൂല്, തുടങ്ങിയവ വാങ്ങാനോ പുറത്ത് പോകാൻ പറ്റുന്നില്ല. ഇതിനെല്ലാം മറ്റുള്ളവരെ എത്രമാത്രം ആശ്രയിക്കാൻ കഴിയും എന്നാണ് ഈ അമ്മ ചോദിക്കുന്നത്. അടുത്ത ബന്ധുക്കൾ എന്ന് പറയാൻ അടുത്ത് ആരുമില്ല. ഒരു സഹോദരനുള്ളത് തലശ്ശേരിയിലാണ്.കൂലിപ്പണി ചെയ്ത് അന്നന്നത്തെ ജീവിതത്തിനുള്ള വക കാണാനില്ലാതെ സഹോദരിയെ സഹായിക്കാൻ ഇദ്ദേഹവും പ്രാപ്തനല്ല.
ഈ കഥകളെല്ലാം അറിയുന്ന ഗോവിന്ദന്റെ ചില സുഹൃത്തുക്കളും നാട്ടുകാരും ഇപ്പോൾ ഇവരെ സഹായിക്കാൻ രംഗത്ത് വന്നിട്ടുണ്ട് എന്നുള്ളതാണ് ഏക ആശ്വാസം .

ഉദാരമതികളുടെ സഹായം ഒന്ന് കൊണ്ട് മാത്രമെ ഈ കുടുംബത്തെ സംരക്ഷിച്ച് നിർത്താൻ സാധിക്കുകയുള്ളൂ എന്ന കാഴ്ചപ്പാടിലാണ് ഇവരുടെ പ്രവർത്തനം ഇപ്പോൾ നടക്കുന്നത്.
അതിനായി സതിയുടെ പേരിൽ കണ്ണപുരം സിൻഡിക്കേറ്റ് ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. മനുഷ്യ സ്നേഹികളായ, ഉദാരമതികളായ ആളുകളുടെ സഹായം ഉണ്ടാവണമെന്നാണ് ഇവരുടെ അഭ്യർത്ഥന.
അക്കൗണ്ട് നമ്പറിന്റെ വിവരം.എൻ.സതി.
A/C നമ്പർ.42192200114010. IFSC No : SYNB 0004 219. ഫോൺ നമ്പർ: 9496236793.9747931383.