10 ലക്ഷം തൊഴിലവസരം; പ്രധാനമന്ത്രിയുടെ ‘മെ​ഗാ ജോബ് ഫെസ്റ്റ്’ ദീപാവലിക്ക് തുടങ്ങും

ഡൽഹി: 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്ന മെഗാ ‘റോസ്ഗാർ മേള’ ഒക്ടോബർ 22ന് വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ 75000 ഉദ്യോഗാർത്ഥികൾക്ക് അപ്പോയിന്റ്മെന്റ് ലെറ്റർ നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പായിരിക്കും ഇത്. പ്രധാനമന്ത്രിയുടെ നിരന്തരമായ പ്രതിബദ്ധത നിറവേറ്റുന്നതിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലില്ലായ്മ വിഷയത്തിൽ പ്രതിപക്ഷം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ നിരന്തരം വിമർശിക്കുന്നതിനിടെയാണ് പദ്ധതി നടപ്പാക്കുന്നത്.

രാജ്യത്ത് വേണ്ടത്ര തൊഴിലവസരങ്ങൾ ഇല്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇത് ഭരണകക്ഷിയായ ബി.ജെ.പി തള്ളിക്കളയുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിലും ഗുജറാത്തിലും പ്രതിപക്ഷത്തെ നേരിടാൻ ഈ നീക്കം ബിജെപിയെ സഹായിക്കും. ഈ വർഷം ജൂണിൽ വിവിധ ഗവൺമെന്റ് വകുപ്പുകളോടും മന്ത്രാലയങ്ങളോടും 10 ലക്ഷം പേരെ മിഷൻ മോഡിൽ നിയമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.