10 വയസുകാരി സൈക്കിൾ പോളോ താരം മരിച്ച സംഭവം; കേരള അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ പത്ത് വയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. താമസ സൗകര്യങ്ങളോ ഭക്ഷണ സൗകര്യങ്ങളോ ഇല്ലാത്തതിനാൽ താൽക്കാലിക കേന്ദ്രത്തിലാണ് കേരളത്തിലെ കുട്ടികൾ താമസിച്ചിരുന്നത്. മരിച്ച നിദ ഫാത്തിമയുടെ പിതാവ് ശിഹാബ് രാത്രിയോടെ നാഗ്പൂരിലെത്തി.
കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള മത്സരമാണ് നാഗ്പൂരിൽ നിദ ഫാത്തിമയുടെ ജീവനെടുത്തത്. ദേശീയ ഫെഡറേഷന്‍റെ അംഗീകാരമില്ലാത്തതിനാൽ കളിക്കാർക്ക് താമസസൗകര്യവും ഭക്ഷണവും ദേശീയ ഫെഡറേഷൻ നൽകിയില്ല. സ്പോർട്സ് കൗൺസിൽ അംഗീകരിക്കാത്തതും ദേശീയ ഫെഡറേഷന്‍റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ ടീമും നാഗ്പൂരിൽ മത്സരിക്കുന്നുണ്ട്.
നിദ ഫാത്തിമ ഉൾപ്പെടെ കേരള സൈക്കിൾ പോളോ അസോസിയേഷനിലെ 24 താരങ്ങൾ കേരള സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തിലും സാമ്പത്തിക പിന്തുണയിലുമാണ് നാഗ്പൂരിലെത്തിയത്. എന്നിരുന്നാലും, സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയ്ക്കാണ് സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ളത്. രണ്ട് അസോസിയേഷനുകൾക്ക് കീഴിൽ കേരളത്തിൽ നിന്നുള്ള രണ്ട് ടീം നാഗ്‍പൂരിൽ എത്തി. കേരള സൈക്കിൾ പോളോ അസോസിയേഷൻ കളിക്കാർക്ക് ഹൈക്കോടതി ഉത്തരവിലൂടെയാണ് മത്സരിക്കാൻ അനുമതി നൽകിയത്. 2013 മുതൽ ദേശീയ ഫെഡറേഷനും കേരള സൈക്കിൾ പോളോ അസോസിയേഷനും തമ്മിലുള്ള തർക്കത്തെ തുടർന്ന് സ്പോർട്സ് കൗൺസിൽ അംഗീകരിച്ച കായികതാരങ്ങൾക്ക് മത്സരിക്കാൻ എല്ലാ വർഷവും കോടതി ഉത്തരവ് ആവശ്യമാണ്.