10 വയസ്സുകാരന് നേരെ ക്രൂരമായ ലൈംഗികാക്രമണം, കുട്ടി മരിച്ചു; പ്രതികൾ 15ൽ താഴെ പ്രായമുള്ളവർ

ന്യൂ ഡൽഹി: ബന്ധുവടക്കം മൂന്ന് സുഹൃത്തുക്കൾ ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത 10 വയസുകാരൻ മരിച്ചു. ഒരു മാസം മുമ്പാണ് ക്രൂരമായ സംഭവം നടന്നത്. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടി ഇതുവരെ എൽഎൻജെപി ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്നു.

അക്രമത്തിൽ പങ്കെടുത്ത മൂന്ന് പേരും 10 നും 12 നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെല്ലാം ഡൽഹിയിലെ സീലാംപൂർ മേഖലയിലാണ് താമസിക്കുന്നത്. നിർഭയ സംഭവത്തിന് സമാനമായ രീതിയിൽ കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നും പരിക്കുകൾ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചതായി റിപ്പോർട്ട് ഉണ്ട്. 

10 വയസുകാരനെ ലൈംഗികാതിക്രമം നടന്ന് മുറിവേറ്റ നിലയിൽ പ്രവേശിപ്പിച്ചതായി എൽഎൻജെപി ആശുപത്രി അധികൃതരാണ് സീലാംപൂർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചത്. പൊലീസ് സംഘം ആശുപത്രിയിലെത്തി കുട്ടിയുടെ മാതാപിതാക്കളെ കണ്ടു. എന്നാൽ, അവർ മൊഴി നൽകാൻ വിസമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ പൊലീസിന് നോട്ടീസ് നൽകുകയും ശക്തമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. 10 വയസ്സുള്ള മകനെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയും ലൈംഗികമായി പീഡിപ്പിച്ചും ക്രൂരമായി ആക്രമിച്ചതായി ഒരു സ്ത്രീ പരാതി നൽകിയതായി വനിതാ കമ്മീഷൻ അറിയിച്ചു.