സ്‌കൂളുകളിൽ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്തും

തിരുവനന്തപുരം: കേരളത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിൽ 100 എംബിപിഎസ് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബിഎസ്എൻഎല്ലും ധാരണയായി. നിലവിലുള്ള എട്ട് എംബിപിഎസ് ഫൈബർ കണക്ഷനുകളേക്കാൾ പന്ത്രണ്ടര മടങ്ങ് വേഗത്തിൽ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, ബിഎസ്എൻഎൽ കേരള സിജിഎം സി വി വിനോദ് എന്നിവരും ഒപ്പുവെച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് എന്നിവർ പങ്കെടുത്തു. ഇതോടെ ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 4,685 സ്കൂളുകളിലായി 45,000 ക്ലാസ് മുറികളിൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനത്തിനായി അതിവേഗ ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് ലഭ്യമാകും.