ഒറ്റ ചാർജിൽ 1000 കി.മീ; ഇലക്ട്രിക് കാർ സേഫ് റോഡ് ഉച്ചകോടിയിൽ പ്രദർശിപ്പിച്ച് ബെൻസ്

ജർമ്മൻ കാർ നിർമാതാക്കളായ മെഴ്സിഡസ് ബെൻസ് ഇന്ത്യയിൽ നടന്ന മൂന്നാമത്തെ സേഫ് റോഡ് ഉച്ചകോടിയിൽ രണ്ട് പ്രധാന പ്രഖ്യാപനങ്ങൾ നടത്തി. ആദ്യത്തേത് വിഷന്‍ സീറോ 2050 അഥവാ 2050 ആകുമ്പോഴേക്കും അപകടരഹിതമായ ഡ്രൈവിങ്. രണ്ടാമത്തേത് വിഷന്‍ EQXX ഇലക്ട്രിക് കാര്‍. ഒറ്റത്തവണ ചാർജ് ചെയ്താൽ 1,000 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന കാറാണ് EQXX EV.

മെഴ്സിഡസ്-ബെൻസ് വാഹനങ്ങളിൽ ഏറ്റവും കുറഞ്ഞ ഡ്രാഗ് കോ എഫിഷ്യൻ്റാണ് (0.17 സിഡി) EQXXനുള്ളത്. മറ്റേതൊരു കാറിനേക്കാളും മികച്ച നിരക്കാണിത്. മുന്നോട്ട് നീങ്ങുമ്പോൾ വായുവിന്‍റെ തടസ്സം പോലും പരമാവധി കുറയ്ക്കുന്ന ഒരു രൂപകൽപ്പനയാണ് EQXX-ന് ഉള്ളത്. കുറഞ്ഞ ഊർജ്ജം ഉപയോഗിക്കുന്ന ഏറ്റവും കാര്യക്ഷമമായ വാഹനമെന്നാണ് മെഴ്സിഡസ്-ബെൻസ് ഇക്യുഎക്സ്എക്സ്എക്സിനെ വിശേഷിപ്പിക്കുന്നത്. 

കാര്യക്ഷമതയില്‍ മുന്നിലെങ്കിലും തങ്ങളുടെ ഏറ്റവും ശക്തമായ വാഹനമാണ് EQXX എന്ന് മെഴ്‌സീഡസ് ബെന്‍സ് അവകാശമുന്നയിക്കുന്നില്ല. വാഹനത്തിന്‍റെ സിഗിൽ ഇലക്ട്രിക് മോട്ടോറിന് 244 എച്ച്പി കരുത്തുണ്ട്. 900V വരെ ചാർജ് ചെയ്യാവുന്ന 100 കിലോവാട്ട് ബാറ്ററിയുമുണ്ട്. EQS ശ്രേണിയിലെ മറ്റേതൊരു വാഹനത്തേക്കാളും 250 കിലോമീറ്റർ കൂടുതൽ ഇന്ധനക്ഷമതയാണ് EQXX-ന് ഉള്ളത്. സസ്യങ്ങളില്‍ നിന്നും നിര്‍മിക്കുന്ന പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് വാഹനത്തിൻ്റെ ഇൻറ്റീരിയർ നിര്‍മിച്ചിരിക്കുന്നത്.