കപ്പലിൽ 11265 കിലോമീറ്റർ; ലോകം ചുറ്റി ഇന്ത്യയിൽ നിന്നും ഒരു അണ്ണാൻ

അബർദീൻ: കിട്ടിയ അവസരം പാഴാക്കാതെ ലോകം ചുറ്റിയ അണ്ണാനെക്കുറിച്ചുള്ള വാർത്തകൾ സ്കോട്ട്ലൻഡിൽ നിന്ന് പുറത്തുവരുന്നു. ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ഒരു കപ്പലിൽ ഒളിച്ചിരുന്നായിരുന്നു അണ്ണാന്‍റെ യാത്രയുടെ തുടക്കം. അണ്ണാൻ 11,265 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ഡീപ് എക്സ്പ്ലോറർ എന്ന കപ്പലിലാണ് അണ്ണാറക്കണ്ണൻ കയറിയത്. മുങ്ങൽ വിദഗ്ധർക്ക് സഹായ വാഹനമായി ഉപയോഗിക്കുന്ന കപ്പൽ സൂയസ് കനാലും മാൾട്ടയും കടന്ന് സ്കോട്ട്ലൻഡിലെ അബർദീനിൽ എത്തി. ഏകദേശം മൂന്നാഴ്ച നീണ്ട യാത്രയിലുടനീളം അണ്ണാൻ കപ്പലിൽ തുടർന്നു. കപ്പലിലുണ്ടായിരുന്നവർ അണ്ണാനെ പലതവണ കാണുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഓരോ പ്രാവശ്യവും അണ്ണാൻ തെന്നിമാറി രക്ഷപ്പെട്ടു.

ഒടുവിൽ കരയിലെത്തുന്നതിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് അവർക്ക് അണ്ണാനെ കപ്പലിൽ നിന്ന് പിടിക്കാൻ കഴിഞ്ഞത്. കാലാവസ്ഥയിലെ മാറ്റങ്ങളും കടലിലെ അന്തരീക്ഷവും അണ്ണാനെ ദോക്ഷമായി ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായി കപ്പലിലെ യാത്രക്കാർ പറഞ്ഞു. സുരക്ഷിതമായി കരയ്ക്കെത്തിച്ച ശേഷം സ്കോട്‌ലൻഡിലെ നോർത്ത് ഈസ്റ്റ് വൈൽഡ് ലൈഫ് ആൻഡ് ആനിമൽ റെസ്ക്യൂ സെന്ററിന് കൈമാറി. വളരെ ഊർജ്ജസ്വലനായ അണ്ണാന് സിപ്പി എന്നാണ് രക്ഷാകേന്ദ്രത്തിൽ പേരിട്ടിരിക്കുന്നത്. നീണ്ട യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സിപ്പിയെ വലിയ കൂട്ടിൽ ക്വാറന്‍റൈനിൽ പാർപ്പിച്ചിരിക്കുകയാണെന്നും, പ്രത്യേകം നിരീക്ഷണത്തിലാണെന്നും കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ കീത്ത് മാർലി പറഞ്ഞു.

അപരിചിതമായ സാഹചര്യത്തിൽ എത്തിയതിന്റെ പരിഭ്രാന്തിയും യാത്രയുടെ ക്ഷീണവും ഒഴികെ അണ്ണാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പാം സ്ക്വിറൽ കുടുംബത്തിൽപ്പെട്ട ഒരു അണ്ണാനാണ് സിപ്പി. സിപ്പിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് പ്രായോഗികമല്ലാത്തതിനാൽ അനുയോജ്യമായ താമസസൗകര്യം തേടുകയാണ് അധികൃതർ. ഏതെങ്കിലും മൃഗശാലയിൽ ഇതേ ഇനം അണ്ണാൻമാരെ പാർപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. ഒരേ ഇനത്തിൽപ്പെട്ട ജീവികളുമായി ജീവിക്കുമ്പോൾ നാട് മാറിയതിന്റെ ബുദ്ധിമുട്ടില്ലാതെ അണ്ണാന് ജീവിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.