ബാലാമണിയമ്മയ്ക്ക് 113-ാം ജന്മവാർഷികം; ആദരവുമായി ഗൂഗിൾ ഡൂഡിൽ
മലയാളത്തിലെ പ്രശസ്ത കവയിത്രി ബാലാമണിയമ്മയുടെ 113-ാം ജന്മവാർഷികമാണ് ഇന്ന്. കവിതകളിലൂടെയും കഥകളിലൂടെയും മലയാളത്തിന്‍റെ അഭിമാനമായി മാറിയ ബാലാമണിയമ്മ, മാതൃത്വത്തിന്‍റെ കവയിത്രി എന്നാണ് അറിയപ്പെട്ടിരുന്നത്. ബാലാമണിയമ്മയുടെ ജന്മദിനത്തിൽ ആദരവ് അർപ്പിച്ച് ഗൂഗിൾ പ്രത്യേക ഗ്രാഫിക്സുള്ള ഡൂഡിൽ തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ദേവിക രാമചന്ദ്രൻ എന്ന കലാകാരിയാണ് ഇന്നത്തെ ഡൂഡിൽ നിർമ്മിച്ചത്.
തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് വീട്ടിൽ 1909 ജൂലൈ 19-ന് ബാലാമണിയമ്മ ജനിച്ചു. ചിറ്റാഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജ, നാലപ്പാട്ട് കൊച്ചുക്കുട്ടിയമ്മ എന്നിവരാണ് മാതാപിതാക്കൾ. രാജ്യത്തെ ഏറ്റവും അഭിമാനകരമായ സാഹിത്യ പുരസ്കാരമായ സരസ്വതി സമ്മാൻ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ അവാർഡായ പദ്മവിഭൂഷൺ എന്നിവയുൾപ്പെടെ എണ്ണമറ്റ അവാർഡുകൾ ബാലാമണിയമ്മ നേടിയിട്ടുണ്ട്.
ബാലാമണിയമ്മയ്ക്ക് ഔപചാരിക പരിശീലനമോ വിദ്യാഭ്യാസമോ ലഭിച്ചിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പകരം, പ്രശസ്ത മലയാളി കവി കൂടിയായ അമ്മാവൻ നാലപ്പാട്ട് നാരായണമേനോൻ കവയിത്രിയെ വീട്ടിൽ നിന്ന് തന്നെ പഠിപ്പിച്ചു. ചെറുപ്പത്തിൽ പഠിച്ച പുസ്തകങ്ങളുടെയും കൃതികളുടെയും ഒരു വലിയ ശേഖരം അമ്മയുടെ പക്കലുണ്ടായിരുന്നു. പത്തൊൻപതാം വയസ്സിൽ ബാലാമണിയമ്മ മാതൃഭൂമി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ വി.എം.നായരെ വിവാഹം കഴിച്ചു.