തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന 12 വയസ്സുകാരി മരിച്ചു

കോട്ടയം: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീന ഭവനിൽ അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പേവിഷബാധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിൻ എടുത്തിട്ടും കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ടോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും പിന്നീട് കോട്ടയത്തേക്കും മാറ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ഓഗസ്റ്റ് 13ന് രാവിലെ പാൽ വാങ്ങാൻ പോകവെയാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. ഗതാഗത സൗകര്യമില്ലാത്ത സ്ഥലത്ത് നിന്ന് ബൈക്കിൽ 6 കിലോമീറ്റർ അകലെയുള്ള പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിലാണ് കുട്ടിയെ ആദ്യം എത്തിച്ചത്. രാവിലെ 7.30 ന് എഫ്എച്ച്സിയിൽ എത്തിച്ചെങ്കിലും അത് ഡോക്ടറുടെ സമയമായിരുന്നില്ല.

കുട്ടിയുടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റിരുന്നു. ഇതിൽ, കണ്ണിന് സമീപമുള്ളത് ആഴത്തിലുള്ള മുറിവാണ്. അരമണിക്കൂറോളം തെരുവ് നായ കുട്ടിയെ ആക്രമിച്ചതായാണ് വിവരം. പല്ലുകൾക്ക് പുറമേ നഖം കൊണ്ടുള്ള ക്ഷതങ്ങളും ഉണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നിർദ്ദേശപ്രകാരം ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. പേവിഷബാധയുണ്ടോ എന്നറിയാൻ പൂനെയിലെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സർക്കാർ ലാബിലേക്കും സാമ്പിളുകൾ അയക്കുകയും ചെയ്തിരുന്നു.