കോൺഗ്രസിന്‍റെ 138-ാം ജന്മദിനം; ഫണ്ട് പിരിവിന് 138 രൂപ ചലഞ്ച്

കണ്ണൂര്‍: പ്രവർത്തന ഫണ്ട് ശേഖരണത്തിന് 138 രൂപയുടെ ചലഞ്ച് പ്രഖ്യാപിച്ച് കെ.പി.സി.സി. കോൺഗ്രസിന്‍റെ 138-ാം ജന്മദിനത്തോടനുബന്ധിച്ചാണ് കെ.പി.സി.സി. അധ്യക്ഷൻ പ്രഖ്യാപനം നടത്തിയത്. 2023 മാർച്ച് 26 വരെയാണ് ധനസമാഹരണത്തിനുള്ള സമയപരിധി. ഒരു ബൂത്തിൽ നിന്ന് കുറഞ്ഞത് 50 പേരെയെങ്കിലും പങ്കെടുപ്പിക്കണമെന്നാണ് നിർദ്ദേശം. 138 രൂപയാണ് ഏറ്റവും കുറഞ്ഞ തുക. അതിന് മുകളിലേക്ക് എത്ര വേണമെങ്കിലും പ്രവർത്തകർക്ക് സംഭാവന നൽകാം. എല്ലാ ജില്ലകളിലും ഉപസമിതികൾ രൂപീകരിച്ചിട്ടുണ്ടെന്നും നേതാക്കൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

കഴിഞ്ഞയാഴ്ച ചേർന്ന നേതൃയോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ പ്രഖ്യാപിച്ച 137 രൂപ ചലഞ്ചുമായി ബന്ധപ്പെട്ട പോരായ്മകൾ പരിഹരിച്ചായിരിക്കും ഈ വർഷത്തെ പ്രവർത്തന ഫണ്ട് സമാഹരണമെന്ന് യോഗത്തിൽ തീരുമാനിച്ചിരുന്നു.

കഴിഞ്ഞ വർഷം 50 കോടി രൂപ സമാഹരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രതീക്ഷിച്ച തുക പിരിച്ചെടുക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല, ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉണ്ടായി.