140 വര്‍ഷം പഴക്കമുള്ള ജീന്‍സ് ലേലത്തിൽ പോയത് 71 ലക്ഷം രൂപയ്ക്ക്!

അമേരിക്ക: ഉപേക്ഷിക്കപ്പെട്ട ഒരു ഖനി പരിശോധിച്ചപ്പോൾ ഗവേഷകർ കണ്ടെത്തിയത് ഒരു ജീൻസ്. ഏതോ ഖനിത്തൊഴിലാളി ധരിച്ചിരുന്ന ഒരു പഴന്തുണി എന്ന് കരുതി അവരത് ഉപേക്ഷിച്ചില്ല. പകരം, ശ്രദ്ധാപൂർവ്വം അവിടെ നിന്ന് അത് ശേഖരിച്ച് പരിശോധിച്ചു. പരിശോധനയിലാണ് അത് 1880 കളിലെ ലെവിസ് ജീൻസ് ആണെന്ന് മനസ്സിലായത്.  

1880 കളിലെ ഈ ലെവിസ് ജീൻസ് കണ്ടെത്തിയത് ഒരു ഡെനിം പുരാവസ്തു ഗവേഷകനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന മൈക്കൽ ഹാരിസ് ആണ്. ബക്കിൾബാക്ക് അഡ്ജസ്റ്ററുള്ള ജീൻസാണ് ഖനിയിൽ നിന്ന് കണ്ടെടുത്തത്. അമേരിക്കൻ വെസ്റ്റിലെ ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയിൽ നിന്നാണ് ജീൻസ് കണ്ടെത്തിയത്. ജീൻസിന് വളരെക്കാലം മണ്ണിനടിയിൽ കിടന്നിട്ടും രണ്ട് ചെറിയ കീറലുകൾ ഒഴികെ, കാര്യമായ കുഴപ്പങ്ങൾ ഒന്നുമില്ല. 

ഡെനിമിന്‍റെ ആഘോഷമായ ഡുറാൻഗോ വിന്‍റേജ് ഫെസ്റ്റിവലിൽ ലേലത്തിന് വെച്ച ജീൻസിന് വലിയ ഡിമാൻഡ് ആയിരുന്നു. കെയ്ൽ ഹോട്ട്നറും സിപ് സ്റ്റീവൻസണും ചേർന്ന് വാശിയേറിയ ലേലത്തിനൊടുവിൽ ജീൻസ് സ്വന്തമാക്കി. 87,400 ഡോളറിനാണ് ഇത് വാങ്ങിയത്. അതായത് 71,97,962 ഇന്ത്യൻ രൂപ. ഹോട്ട്നർ വിലയുടെ 90 ശതമാനവും സ്റ്റീവൻസൺ ബാക്കി 10 ശതമാനവും സംഭാവന ചെയ്തു.