148 ദിവസം, 3,500 കിലോമീറ്റർ; കോൺഗ്രസ് തിരിച്ചു വരവിനായി രാഹുലിന്റെ പദയാത്ര

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് കോൺഗ്രസ്. ഇതിന് മുന്നോടിയായി കന്യാകുമാരി മുതൽ കശ്മീർ വരെ 3,500 കിലോമീറ്ററിലധികം കാൽനടയായി രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്രയ്ക്കുള്ള’ ഒരുക്കങ്ങൾ ആരംഭിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാർ ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നിരുന്നു.

കൊടിക്കുന്നിൽ സുരേഷ് എം.പിയാണ് യാത്രയുടെ സംസ്ഥാന കോർഡിനേറ്റർ. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് 148 ദിവസം നീണ്ടുനിൽക്കുന്ന പദയാത്ര ആരംഭിക്കും. ഇതോടെ രാഹുൽ നേതൃനിരയിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.

“നമ്മുടെ കൂട്ടത്തിലെ യുവാക്കളും പ്രായമായവരുമായ എല്ലാവരും ഈ പദയാത്രയുടെ ഭാഗമാകും. എന്നെപ്പോലുള്ള മുതിർന്ന നേതാക്കൾക്ക് ആരോഗ്യപ്രശ്നങ്ങളും പ്രായവുമായി ബന്ധപ്പെട്ട വെല്ലുവിളികളും തരണം ചെയ്ത് ഈ യാത്രയുടെ ഭാഗമാകാനുമുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഈ പദയാത്ര കോടിക്കണക്കിന് ഇന്ത്യക്കാരുടെ ദൈനംദിന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതായിരിക്കും” ഭാരത് ജോഡോ യാത്ര പ്രഖ്യാപിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.