യുഎഇയിലെ 3 കേന്ദ്രങ്ങളിൽ നിന്നായി ഇന്ന് നീറ്റ് എഴുതുന്നത് 1490 പേർ

അബുദാബി: യു.എ.ഇ.യിലെ 3 കേന്ദ്രങ്ങളിൽ നിന്നായി 1490 പേരാണ് ഇന്ന് നടക്കുന്ന നീറ്റ് (നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) പരീക്ഷ എഴുതുന്നത്. അബുദാബി ഇന്ത്യൻ സ്കൂളിൽ നിന്ന് 392 പേരും ദുബായ് ഇന്ത്യൻ സ്കൂളിൽ നിന്ന് 650 പേരും ഷാർജ ഇന്ത്യ ഇന്‍റർനാഷണൽ സ്കൂളിൽ നിന്ന് 448 പേരും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

യു.എ.ഇ സമയം രാവിലെ 12.30 മുതൽ വൈകിട്ട് 3.50 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾക്ക് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 വരെ സ്കൂളിൽ പ്രവേശിക്കാം. 12ന് ശേഷം എത്തുന്നവരെ പ്രവേശിപ്പിക്കില്ല. വിദ്യാർത്ഥികൾ പ്രാദേശിക കോവിഡ് നിയമം പാലിച്ചാണ് എത്തേണ്ടത്.

യു.എ.ഇ.യിൽ വേനൽ അവധിക്കായി സ്കൂൾ അടച്ചിട്ടെങ്കിലും അതത് എമിറേറ്റിലെ വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക അനുമതിയോടെയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ നടത്തിപ്പിന് പരിശീലനം ലഭിച്ച ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായും വിവിധ സ്കൂൾ അധികൃതർ അറിയിച്ചു.