2021ല്‍ രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത് 1.55 ലക്ഷം പേർ

ന്യൂഡല്‍ഹി: 2021 ൽ ഇന്ത്യയിലുടനീളം 1.55 ലക്ഷത്തിലധികം പേരുടെ ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിഞ്ഞതെന്ന് ഔദ്യോഗിക കണക്ക്. ഓരോ ദിവസവും ശരാശരി 426 പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. അതായത് മണിക്കൂറിൽ 18 പേർ. ഒരു കലണ്ടർ വർഷത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.

ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തുടനീളം 4.03 ലക്ഷം റോഡപകടങ്ങളിൽ 3.71 ലക്ഷം പേർക്ക് പരിക്കേറ്റു. അപകടങ്ങൾ മൂലമുള്ള മരണങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന നിരക്കിലെത്തിയെങ്കിലും, മുൻ വർഷങ്ങളെ അപേക്ഷിച്ച് റോഡപകടങ്ങളുടെയും പരിക്കേറ്റവരുടേയും എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്.