ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് 16 ശിവസേനാ എംപിമാർ

മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് 16 ശിവസേനാ എം.പിമാർ. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിലാണ് 16 എംപിമാർ ഈ ആവശ്യം ഉന്നയിച്ചത്. ഗോത്ര വിഭാഗത്തിൽപ്പെട്ട വനിത എന്ന നിലയിൽ മുർമുവിനെ പിന്തുണയ്ക്കണമെന്ന ആവശ്യം 16 സേന എംപിമാർ മുന്നോട്ട് വച്ചതായി യോഗത്തിന് ശേഷം ഗജാനൻ കീർത്തികർ എംപി പറഞ്ഞു.

‘മുർമു എൻഡിഎ സ്ഥാനാർത്ഥിയാണ്. എന്നാൽ അവർ ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്ന് ആയതിനാലും സ്ത്രീ ആയതിനാലും പിന്തുണയ്ക്കണമെന്ന് സേനാ എംപിമാർ ആവശ്യപ്പെട്ടു,” കീർത്തികർ പറഞ്ഞു. ഉദ്ധവ് വിളിച്ചുചേർത്ത യോഗത്തിൽ ശിവസേനയുടെ 16 എംപിമാർ പങ്കെടുത്തുവെന്നും അവരെല്ലാം ഈ ആവശ്യം മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

രണ്ട് എം.പിമാർ യോഗത്തിൽ പങ്കെടുത്തില്ല. നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖർജിയെയും പാർട്ടി പിന്തുണച്ചിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൂടിക്കാഴ്ച നടന്നതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.