മുർമുവിന് ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാർ, 104 എംഎൽഎമാർ

ന്യൂഡൽഹി: ചരിത്രമെഴുതി ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് പ്രതിപക്ഷത്ത് നിന്ന് ക്രോസ് വോട്ട് ലഭിച്ചു. മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നപ്പോൾ പ്രതിപക്ഷത്തെ 17 എംപിമാർ മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തിട്ടുണ്ട്. ഈ എംപിമാർക്ക് പുറമെ 104 പ്രതിപക്ഷ എംഎൽഎമാരും മുർമുവിന് വോട്ട് ചെയ്തിട്ടുണ്ട്.

പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് എല്ലാ വോട്ടുകളും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കേരളത്തിലും ക്രോസ് വോട്ടിംഗ് നടന്നതായാണ് വിവരം. എൽഡിഎഫ്, യുഡിഎഫ് എംപിമാരും എംഎൽഎമാരും മാത്രമുള്ള കേരളത്തിൽ നിന്നും ഒരു എംഎൽഎയുടെ വോട്ടാണ് ദ്രൗപദി മുർവുവിന് ലഭിച്ചത്. അത് ആരാണെന്ന് വ്യക്തമല്ല.

എൻഡിഎ സ്ഥാനാർത്ഥിയായി വിജയിച്ച ദ്രൗപദി മുർമു 6,76,803 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 3,80,177 വോട്ടുകളാണ് ലഭിച്ചത്.