സംസ്ഥാനത്തെ 10 മാസത്തെ നിയമനം 2 ലക്ഷം; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടന്നത് 6200
തിരുവനന്തപുരം: എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് 37 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുമ്പോൾ, സംസ്ഥാനത്ത് ഭൂരിഭാഗവും നടക്കുന്നത് പാർട്ടി നിയമനങ്ങൾ. കഴിഞ്ഞ 10 മാസത്തിനിടെ 6,200 പേർക്ക് മാത്രമാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി തൊഴിൽ ലഭിച്ചത്. അതത് ലോക്കൽ സമിതികൾ രണ്ട് ലക്ഷത്തോളം നിയമനങ്ങൾ നടത്തിയ സമയത്താണിത്. ഉദ്യോഗാര്‍ഥികളുടെ യോഗ്യത നിശ്ചയിച്ചത് പ്രദേശത്തെ പാർട്ടി നേതാക്കളാണെന്നും ആരോപണമുണ്ട്.
താത്കാലികമായി നിയമനം നടത്തിയ ശേഷം സ്ഥിരപ്പെടുത്തുന്നതാണ് ഇത്തരം നിയമനങ്ങളുടെ രീതി. ആദ്യഘട്ടത്തിൽ വികസന സമിതികളാണ് ശമ്പളം നൽകുക. സ്ഥിരപ്പെട്ടുകഴിഞ്ഞാൽ സർക്കാർ ശമ്പളം ലഭിക്കും. താൽക്കാലിക നിയമന അധികാരമുള്ളവർ നിയമന ചട്ടങ്ങൾ പാലിക്കുമെങ്കിലും ജോലി ലഭിക്കാൻ പാർട്ടിയിൽ നിന്നുള്ള കത്ത് ആവശ്യമാണ്.
ഉദ്യോഗാർത്ഥികൾക്ക് ജോലിയുണ്ടെന്ന് അറിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സമാന്തരമായി ഒഴിവുകൾ പാർട്ടിയെ അറിയിക്കും. പത്രപരസ്യങ്ങളും വിജ്ഞാപനങ്ങളും കാറ്റിൽ പറത്തി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളെയും അവഗണിച്ചായിരിക്കും നിയമനം. ഏകദേശം 37 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത് നിയമനത്തിനായി കാത്തിരിക്കുമ്പോൾ, കഴിഞ്ഞ 10 മാസത്തിനുള്ളിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി 6,200 നിയമനങ്ങൾ മാത്രമാണ് നടന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 56,540 എഞ്ചിനീയറിംഗ് ഉദ്യോഗാർത്ഥികളും 11,103 മെഡിക്കൽ ഉദ്യോഗാർത്ഥികളും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി തൊഴിൽ നേടി. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്ന ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. കരാർ നിയമനങ്ങളിൽ പ്രാദേശികസമിതികൾക്ക് നിയമനം നടത്താൻ അധികാരമുണ്ടെങ്കിലും പ്രാദേശിക പാർട്ടി നേതൃത്വങ്ങളാണ് തീരുമാനം എടുക്കുന്നത്.