പിഎഫ്ഐ കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ച 2 പേര്‍ കസ്റ്റഡിയില്‍; യുഎപിഎ പ്രകാരം കേസെടുക്കും

തിരുവനന്തപുരം: കല്ലമ്പലത്ത് പിഎഫ്ഐ കൊടികള്‍ അഴിച്ചുമാറ്റുന്നതിനിടെ മുദ്രാവാക്യം വിളിച്ച 2 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കും. അതേസമയം പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താലിനിടെയുണ്ടായ ആക്രമണങ്ങളിൽ ഹൈക്കോടതി കർശന നടപടി സ്വീകരിച്ചു.

ഹർത്താലിൽ അഞ്ചുകോടി 20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായി സർക്കാരും കെ.എസ്.ആർ.ടി.സിയും നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു. ഈ തുക രണ്ടാഴ്ചയ്ക്കകം കെട്ടിവെക്കണം. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് പി എഫ് ഐ ഭാരവാഹികൾ തുക കെട്ടിവയ്‍‍ക്കേണ്ടത്. തുക കെട്ടിവച്ചില്ലെങ്കിൽ
നേതാക്കളുടെ സ്വകാര്യ സ്വത്തുവകകളടക്കം കണ്ടുകെട്ടണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു.  അഡ്വ പി ഡി ശാർങധരനെ ക്ലെയിംസ് കമ്മീഷണറായി ഹൈക്കോടതി നിയോഗിച്ചു. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെ പ്രതികൾ കെട്ടിവെക്കുന്ന തുക കോടതി നിയോഗിച്ച ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും.

ഹർത്താൽ ദിനത്തിലെ ആക്രമണ ക്കേസുകളിലെ പ്രതികളുടെ ജാമ്യവ്യവസ്ഥയിൽ നഷ്ടപരിഹാര തുക ഉൾപ്പെടുത്താൻ ഹൈക്കോടതി മജിസ്ട്രേറ്റ് കോടതികൾക്ക് നിർദ്ദേശം നൽകി. ഇതോടെ സംസ്ഥാനത്ത് അറസ്റ്റിലായവർക്ക് തുക കെട്ടിവയ്ക്കാതെ ജാമ്യത്തിൽ ഇറങ്ങാൻ കഴിയില്ല. ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തുണ്ടായ എല്ലാ ആക്രമണ കേസുകളിലും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സാത്താറിനെ  പ്രതിയാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.