ഒമാനിൽ ഒരു റിയാലിന് 215 രൂപ

മസ്കത്ത്: ബുധനാഴ്ച വൈകുന്നേരത്തോടെ റിയാലിന്‍റെ വിനിമയ നിരക്ക് ഒരു റിയാലിന് 215 രൂപയിലെത്തി. ഇതോടെ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവർ 1,000 രൂപയ്ക്ക് 4.652 റിയാൽ നൽകണം. ഒരു ഡോളറിന് 83.01 രൂപയാണ് വില. ബുധനാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ട നിലവാരം കാണിച്ചെങ്കിലും വൈകുന്നേരത്തോടെ തകരുകയായിരുന്നു.

വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ എത്തിയിട്ടും ബുധനാഴ്ച വൈകുന്നേരം എക്സ്ചേഞ്ചുകളിൽ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. റിയാലിന് 210 രൂപ എന്ന നിരക്കിൽ എത്തിയപ്പോൾ തന്നെ പണം കയ്യിൽ വച്ചവരെല്ലാം നാട്ടിലേക്ക് അയച്ചതായി എക്സ്ചേഞ്ച് സ്ഥാപനവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ബാക്കിയുള്ളവർ 212 കടന്നയുടനും അയച്ചു. നിരക്ക് കുറയുമെന്ന് ഭയന്നാണ് പലരും അയച്ചത്. മാസാവസാനത്തോടെ എക്സ്ചേഞ്ചുകളിൽ തിരക്കുണ്ടാകും. 220 രൂപയെന്ന ഉയർന്ന നിരക്കിനായി കാത്തിരിക്കുന്ന ഏതാനും ചിലരുമുണ്ട്.

യുഎസ് ഡോളർ ശക്തിപ്പെടുകയും വിദേശ നിക്ഷേപകർ ഇന്ത്യ വിടുകയും ചെയ്തതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. മറ്റൊരു പ്രധാന കാരണം എണ്ണ വില വർധനവാണ്. യുഎസ് ഡോളർ മറ്റ് കറൻസികളേക്കാൾ ശക്തമാകുകയാണ്. ആറ് പ്രധാന കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡോളർ ഇൻഡക്സ് 0.31 ശതമാനം ഉയർന്നു. ഡോളർ ഇൻഡക്സ് 112.48 ആണ്. ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഫോറിൻ ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സ് ഡോളർ ശക്തിപ്പെടാൻ തുടങ്ങിയതോടെ ചൊവ്വാഴ്ച 153.40 കോടി രൂപയാണ് പിൻവലിച്ചത്.