സംസ്ഥാനത്ത് 2219 പേരെ മാറ്റിപ്പാർപ്പിച്ചു; 95 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 2,291 പേരെ ഇവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ രണ്ട് ക്യാമ്പുകളിലായി 30 പേരെയും പത്തനംതിട്ടയിൽ 25 ക്യാമ്പുകളിലായി 391 പേരെയും ആലപ്പുഴയിൽ അഞ്ച് ക്യാമ്പുകളിലായി 58 പേരെയും മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത് കോട്ടയത്താണ്. 447 പേരെ 21 ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ഇടുക്കിയിലെ ഏഴ് ക്യാമ്പുകളിലായി 118 പേരും എറണാകുളത്ത് 11 ക്യാമ്പുകളിലായി 467 പേരുമാണ് കഴിയുന്നത്. തൃശൂരിലാണ് ഏറ്റവും കൂടുതൽ പേരെ ഒഴിപ്പിച്ചത്. ഇവിടെ 657 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഇതിനായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പാലക്കാട്ട് ഒരു ക്യാമ്പിൽ 25 പേരും മലപ്പുറത്ത് രണ്ട് ക്യാമ്പുകളിലായി എട്ട് പേരും വയനാട്ടിൽ 38 പേരും കണ്ണൂരിൽ മൂന്ന് ക്യാമ്പുകളിലായി 52 പേരുമാണുള്ളത്.