ശ്രീനിവാസൻ കൊലക്കേസിൽ ഇരുപത്തിമൂന്നാം പ്രതി മുഹമ്മദ് ഹക്കിം അറസ്റ്റിൽ

പാലക്കാട്: പാലക്കാട് മേലമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. ഇരുപത്തിമൂന്നാം പ്രതി മുഹമ്മദ് ഹക്കീമിന്‍റെ അറസ്റ്റ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഇന്ന് രേഖപ്പെടുത്തി. ഗൂഢാലോചനക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പൊളിക്കാൻ സൗകര്യമൊരുക്കിയത് ഹക്കീമാണ്. ഒളിവിലായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 52 പ്രതികളുള്ള കേസിൽ 43 പേരാണ് ഇതുവരെ അറസ്റ്റിലായത്.

ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ മേലമുറിയിലെ കടയ്ക്കുള്ളിൽ വെച്ച് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. പട്ടാപ്പകൽ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് നഗരഹൃദയത്തിലെ കടയിൽ വച്ച് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ശ്രീനിവാസന്‍റെ കൊലപാതകമെന്ന് അന്വേഷണ സംഘം കണ്ടെത്തി.