ന്യൂസിലാന്‍റിൽ 240 തിമിംഗലങ്ങള്‍ തീരത്തടിഞ്ഞ് ചത്തു

പിറ്റ് ഐലന്‍റ്: ന്യൂസിലാന്‍റിലെ പിറ്റ് ദ്വീപിന്‍റെ തീരത്ത് 240 തിമിംഗലങ്ങൾ തീരത്തടിഞ്ഞ് ചത്തു. ഭൂരിഭാഗം തിമിംഗലങ്ങളും സ്വാഭാവികമായി ചാവുകയായിരുന്നു. ചെറിയ ജീവനുള്ള തിമിംഗലങ്ങളെ അധികൃതർ ദയാവധം നടത്തിയതായി തീരദേശ സംരക്ഷണ വകുപ്പ് അറിയിച്ചു. നൂറിൽ താഴെ ആളുകൾ താമസിക്കുന്ന പിറ്റ് ദ്വീപ് വിവിധതരം സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലും അവയെ കടലിലേക്ക് തിരിച്ചയച്ചാൽ സ്രാവുകൾ അവയെ ഭക്ഷിക്കുമെന്ന ഭീഷണി നിലനിൽക്കുന്നതിനാലുമാണ് ദയാവധം നടത്തിയതെന്ന് അധികൃതർ പറഞ്ഞു.

“ഈ തീരുമാനം എടുക്കാൻ എളുപ്പമായിരുന്നില്ല, പക്ഷേ അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ ആ ജീവികളോട് ദയ കാണിക്കേണ്ടതുണ്ട്, അതുകൊണ്ടാണ് ദയാവധത്തിന് മുതിർന്നത്, മനുഷ്യർക്കും തിമിംഗലങ്ങൾക്കും നേരെയുള്ള സ്രാവ് ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ തിമിംഗലങ്ങളെ ഈ പ്രദേശത്ത് കടലിലേക്ക് തിരികെ വിടുന്നത് ശരിയായ തീരുമാനമല്ല,” മറൈൻ സംരക്ഷണ വകുപ്പിലെ സാങ്കേതിക ഉപദേഷ്ടാവ് ഡേവ് ലൻഡ്‌ക്വിസ്റ്റ് പറഞ്ഞു.

ന്യൂസിലാൻഡിലെ തെക്കൻ ദ്വീപിന്‍റെ കിഴക്കൻ തീരത്ത് നിന്ന് 840 കിലോമീറ്റർ അകലെയുള്ള ചാത്തം ദ്വീപുകളിലെ ദ്വീപസമൂഹത്തിലാണ് തിമിംഗലങ്ങളെ കണ്ടെത്തിയത്. ഏറ്റവും കുറഞ്ഞ മനുഷ്യസാന്ദ്രതയുള്ള പിറ്റ് ദ്വീപും ചാത്തം ദ്വീപും ഉൾപ്പെടുന്നതാണ് ഈ ദ്വീപസമൂഹം. തിമിംഗലങ്ങൾ കരയിൽ അടിയുന്ന സംഭവത്തിന്‍റെ കൃത്യമായ കാരണം കണ്ടെത്താൻ മറൈൻ ബയോളജിസ്റ്റുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.