26 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ മരിച്ചതായി യു.എൻ അഭയാർഥി സംഘടന

ജക്കാർത്ത: ഇന്തോനീഷ്യയിലെ സുരക്ഷിത കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ 26 റോഹിംഗ്യൻ അഭയാർഥികൾ കടലിൽ വീണ് മരിച്ചതായി യു.എൻ അഭയാർഥി സംഘടന. 185 റോഹിംഗ്യൻ അഭയാർത്ഥികളുമായി പോയ ബോട്ടാണ് ഒരു മാസത്തോളം കടലിൽ കുടുങ്ങി കിടന്നത്. കടലിലെ പ്രതികൂല സാഹചര്യങ്ങളിൽ സഹായത്തിനായി നിലവിളിക്കുന്ന അഭയാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അതേസമയം, ഞായറാഴ്ച വിവിധ സ്ഥലങ്ങളിലായി കടലിൽ കുടുങ്ങിയ 57 അഭയാർത്ഥികളെയും തിങ്കളാഴ്ച 174 പേരെയും മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയതായി ഇന്തോനേഷ്യയിലെ യുഎൻഎച്ച്സിആർ പ്രതിനിധി അറിയിച്ചു. ബംഗ്ലാദേശിലെ ക്യാമ്പുകളിൽ നിന്ന് 180 റോഹിംഗ്യൻ അഭയാർത്ഥികളുമായി പുറപ്പെട്ട മറ്റൊരു ബോട്ടിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നും അതിലുണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടിരിക്കാമെന്നും യു.എൻ പറഞ്ഞു.