ഇന്ത്യയില്‍നിന്നുള്ള 2.7 കോടി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നടപടി നേരിട്ടതായി മെറ്റ

ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യയിൽ നിന്നുള്ള 2.7 കോടി പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിച്ചതായി മെറ്റ അറിയിച്ചു. ജൂലൈ മാസത്തെ കണക്കാണിത്. ഫേസ്ബുക്കിൽ നിന്ന് 2.5 കോടിയിലധികം പോസ്റ്റുകളും ഇൻസ്റ്റാഗ്രാമിൽ നിന്ന് 20 ലക്ഷത്തിലധികം പോസ്റ്റുകളും നീക്കം ചെയ്തിട്ടുണ്ട്.

ഐടി (ഇന്‍റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ചട്ടങ്ങൾ, 2021 പ്രകാരമുള്ള മെറ്റയുടെ പ്രതിമാസ റിപ്പോർട്ടിലാണ് ഈ കണക്കുകൾ അടങ്ങിയിരിക്കുന്നത്. ഫെയ്സ്ബുക്കിൽ നിന്ന് 1.73 കോടി സ്പാമുകൾ കമ്പനി നീക്കം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട 1.1 ലക്ഷം പോസ്റ്റുകളും അക്രമവും ഗ്രാഫിക് ഉള്ളടക്കവുമായി ബന്ധപ്പെട്ട 23 ലക്ഷം പോസ്റ്റുകളും നഗ്നതയും ലൈംഗിക ഉള്ളടക്കവുമുള്ള 27 ലക്ഷം പോസ്റ്റുകളും പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തു.