കുന്നമംഗലത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 27 യാത്രക്കാർക്ക് പരുക്ക്

കോഴിക്കോട്: കുന്നമംഗലം ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുമായി നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൂട്ടിയിടിച്ച് 27 യാത്രക്കാർക്ക് പരിക്കേറ്റു. താമരശ്ശേരിയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന ബസ് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. കൂട്ടിയിടിയിൽ ബസിന്‍റെ മുൻഭാഗം തകർന്നു.