പത്തനംതിട്ടയിൽനിന്ന് കാണാതായ 4 പെൺകുട്ടികളിൽ 3 പേരെ കണ്ടെത്തി
പാലക്കാട്: പത്തനംതിട്ടയിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രണ്ട് പേരെ കണ്ടെത്തിയത്. ബാക്കിയുള്ള ഒരു കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.
പത്തനംതിട്ട ജില്ലയിൽ വിവിധ സ്കൂളുകളിൽ നിന്നായി നാല് പെൺകുട്ടികളെ ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു. തിരുവല്ലയ്ക്കടുത്ത് ഓതറയിലെ ഒരു സ്കൂളിലെ വിദ്യാർത്ഥിനികളായ രണ്ട് പെൺകുട്ടികളെയും നഗരത്തിലെ സ്കൂളിലെ വിദ്യാർഥിനികളായ 2 പെൺകുട്ടികളെയുമാണ് കാണാതായത്. ഇവർക്ക് 13-15 വയസ്സുണ്ട്. ഓതറയിലെ കുട്ടികൾ രാവിലെ സ്കൂളിൽ വന്നില്ല. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഇവരെ രാത്രി വൈകി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.
മറ്റ് രണ്ട് പെൺകുട്ടികളെ ബുധനാഴ്ച വൈകുന്നേരം മുതൽ കാണാതായി. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അതിലൊരാളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.