താലിബാന് കീഴിൽ അഫ്ഗാനിസ്ഥാനില്‍ കറുപ്പ് ഉല്പാദനത്തില്‍ 32% വർധന
കാബൂള്‍: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്തെ കറുപ്പ് ഉൽപാദനം 32 ശതമാനം വർധിച്ചതായി യുഎൻ റിപ്പോർട്ട്. യുഎന്നിലെ ഡ്രഗ്സ് ആൻഡ് ക്രൈം വകുപ്പ് (യുഎൻഒഡിസി) ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. അഫ്ഗാനിസ്ഥാനിൽ രണ്ടാമതും അധികാരം പിടിച്ചെടുത്തപ്പോൾ, മുൻ താലിബാൻ നേതൃത്വത്തിൽ നിന്ന് തങ്ങൾ വ്യത്യസ്തമാണെന്നും സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാനും ജോലി ചെയ്യാനും അനുവദിക്കുമെന്നും ശരീയത്തിന് വിരുദ്ധമായ ലഹരിയുടെ ഉൽപാദനവും ഉപയോഗവും രാജ്യത്ത് നിരോധിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു.
അധികാരമേറ്റ് ഒരു വർഷം പിന്നിടുമ്പോൾ താലിബാൻ തങ്ങളുടെ വാഗ്ദാനങ്ങളെല്ലാം വൃഥാവിലാണെന്ന് തെളിയിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്ക് പുറത്തുപോകണമെങ്കിൽ ബന്ധുവായ പുരുഷൻ്റെ സഹായം ആവശ്യമാണ്. സ്ത്രീകൾ ഹിജാബും ബുർഖയും ധരിക്കുന്നത് നിർബന്ധമാക്കുന്നത് പോലുള്ള നിരവധി പഴയ നിയമങ്ങൾ അവർ നടപ്പാക്കിയിട്ടുണ്ട്. താലിബാന്‍റെ പ്രഖ്യാപിത “സ്ത്രീസ്വാതന്ത്ര്യം” കഴിഞ്ഞ ദിവസങ്ങളിൽ സർവകലാശാലകളിൽ പ്രതിഷേധിക്കുന്ന പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്ന അവസ്ഥ വരെയെത്തി.
അതേസമയം, ഇസ്ലാമിലെ ശരീയത്ത് നിയമത്തിന് വിരുദ്ധമായതിനാൽ മയക്കുമരുന്നിന്‍റെ ഉൽപാദനവും ഉപയോഗവും നിയന്ത്രിക്കുമെന്ന താലിബാന്‍റെ പ്രഖ്യാപനവും പൊള്ളയായ വാഗ്ദാനമാണെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് കറുപ്പ് ഉത്പാദനത്തിൽ 32 ശതമാനം വർധന ഉണ്ടായതായി പുതിയ റിപ്പോർട്ട് പറയുന്നു. രാജ്യത്തെ 2,33,000 ഹെക്ടർ സ്ഥലത്താണ് നിലവിൽ കറുപ്പ് ഉത്പാദിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നേരത്തെ രാജ്യത്ത് 56,000 ഹെക്ടറിൽ ഉൽപ്പാദിപ്പിച്ചിരുന്ന കറുപ്പ് കൃഷിയാണ് ഇപ്പോൾ 2,33,000 ഹെക്ടറിലേക്ക് വ്യാപിപ്പിച്ചത്. 1994ൽ താലിബാന്‍റെ ആദ്യ ഭരണകാലത്താണ് അഫ്ഗാനിസ്ഥാനിൽ വ്യവസ്ഥാപിതമായ രീതിയില്‍ ആദ്യമായി കറുപ്പ് കൃഷി തുടങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു.