ഒന്നര വര്‍ഷത്തിനകം 35000 പുതിയ ശാഖകള്‍; നൂറാം വാർഷികം വിപുലമാക്കാൻ ആര്‍എസ്എസ്

പ്രയാഗ് രാജ്: ജന്മശതാബ്ദി ആഘോഷിക്കുന്ന 2025ഓടെ സംഘടനയുടെ വിപുലീകരണത്തിനായി കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ച് ആർഎസ്എസ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഞായറാഴ്ച ആരംഭിച്ച 4 ദിവസത്തെ നിര്‍വാഹക സമിതി യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാണ് ഇത്.

അടുത്ത ഒന്നര വർഷത്തിനുള്ളിൽ രാജ്യത്തുടനീളം 35,000 ശാഖകൾ തുറക്കാനാണ് ആർഎസ്എസ് പദ്ധതിയിടുന്നത്. നിലവിൽ 55,000 ശാഖകളാണ് സംഘത്തിനുള്ളത്. 2024 മാർച്ചോടെ ഇത് ഒരു ലക്ഷമായി ഉയർത്താനാണ് പദ്ധതി.

സംഘടന വിപുലീകരിക്കാനുള്ള തീരുമാനം ഇതിനകം എടുത്തിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒന്നര വർഷത്തിനിടെ 10,000 പുതിയ ശാഖകൾ മാത്രമാണ് തുറന്നത്. ഈ സാഹചര്യത്തിലാണ് നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഒരു ലക്ഷം ശാഖകൾ എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ ധാരണയായത്.