377.74% വളർച്ച; ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണി പിടിച്ചടക്കി ടാറ്റ

വാഹനങ്ങളുടെ ഭാവി ഇലക്ട്രിക് ആണെന്ന് ഉറപ്പുള്ളതിനാൽ ഇലക്ട്രിക് കാറുകൾ അതിവേഗം വിപണി പിടിച്ചടക്കുകയാണ്. പാസഞ്ചർ ഇവി വിഭാഗത്തിൽ നിരവധി എതിരാളികൾ ഉണ്ടെങ്കിലും ടാറ്റയാണ് മുന്നിൽ. നിരവധി മോഡലുകളും അവയുടെ വിവിധ പതിപ്പുകളും അവതരിപ്പിക്കുന്നതിനൊപ്പം ടാറ്റ മോട്ടോഴ്സ് വിൽപ്പനയിലും മുന്നിരയിലാണ്.

ഇലക്ട്രിക് വാഹന വിപണിയിൽ അഭൂതപൂർവമായ വളർച്ചയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് വിദഗ്ധ പഠനം പറയുന്നു. അതുകൊണ്ടാണ് ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ നിന്ന് വലിയ എതിരാളികൾ ഉള്ളത്. സാമ്പത്തിക വർഷം ശക്തമായി പുരോഗമിക്കുമ്പോൾ, ഓഗസ്റ്റ് മാസത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന ചാർട്ട് പുറത്തിറക്കി. ഇത്തവണയും ടാറ്റയാണ് ഒന്നാമത്.

ഓഗസ്റ്റ് മാസത്തിൽ 2,700 ലധികം വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് വിറ്റഴിച്ചത്. നെക്സോൺ ഇവി പ്രൈം, ഇവി മാക്സ്, ടിഗോർ എന്നിവയുൾപ്പെടെയുള്ള വാഹനങ്ങളുടെ യൂണിറ്റുകൾ ടാറ്റയ്ക്ക് പുതിയ തലത്തിലേക്ക് ഉയരാനുള്ള കഴിവ് നൽകി. കഴിഞ്ഞ വർഷം 575 യൂണിറ്റുകളാണ് ടാറ്റയുടെ പട്ടികയിൽ ഉണ്ടായിരുന്നത്. പുതിയ നാഴികക്കല്ലായതോടെ ടാറ്റ മോട്ടോഴ്സ് 377.74 ശതമാനം വാർഷിക വളർച്ച കൈവരിച്ചു.