മാരുതി സുസുക്കി കാറുകൾക്കുവേണ്ടി 3.80 ലക്ഷം ഉപഭോക്താക്കള്‍ കാത്തിരിക്കുന്നു

കൊവിഡ് അടിച്ചമർത്തിയ വിപണിയുടെ ഉണർവോടെ വാഹനം ലഭിക്കാനുള്ള കാത്തിരിപ്പും വർദ്ധിക്കുകയാണ്. 3.87 ലക്ഷം ഗുണഭോക്താക്കളാണ് മാരുതി സുസുക്കിയുടെ വിവിധ വാഹനങ്ങൾ ബുക്ക് ചെയ്ത് കിട്ടാൻ കാത്തിരിക്കുന്നത്. പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചതും നിലവിലുള്ള മോഡലുകളുടെ പരിഷ്കരിച്ച പതിപ്പുകൾ വിപണിയിലെത്തിച്ചതും വിപണി ഇരു കൈകളും നീട്ടി സ്വീകരിച്ചതോടെയാണ് മാരുതി സുസുക്കി വാഹനങ്ങൾക്കും കാത്തിരിപ്പുകാർ വർധിച്ചത്.

പുതിയ മോഡലുകളായി സെലെറിയോ, ഫേസ്‌ലിഫ്റ്റ് മോഡലായി എക്സ്എൽ 6 തൊട്ടുപിന്നാലെ ബലേനോയും ബ്രെസയും എത്തിയതോടെയാണ് ബുക്കിങ്ങുകൾ വലിയ തോതിൽ വർധിച്ചത്. ആദ്യത്തെ മിഡ്-സൈസ് എസ്യുവിയായ ഗ്രാൻഡ് വിറ്റാരയുടെ വരവോടെ, മാരുതി കുതിപ്പ് തുടരുമെന്ന് ഉറപ്പാണ്. പുതിയ വാഹനങ്ങളുടെ അവതരണം, ആവശ്യകതയിലെ വർദ്ധനവ് എന്നിവയെല്ലാം കാത്തിരിപ്പിന് കാരണമായതായി വിശ്വസിക്കപ്പെടുന്നു.

ലോഞ്ച് മുതൽ വിൽപ്പന വലിയ തോതിൽ വർദ്ധിച്ച ഒരു വാഹനമാണ് ബലേനോ. നിലവിൽ 38,000 ഗുണഭോക്താക്കളാണ് ഈ വാഹനത്തിനായി മാത്രം കാത്തിരിക്കുന്നത്. ഇതോടൊപ്പം, പുതിയ ബ്രെസയുടെ ആഗമനവും ബുക്കിംഗിന്‍റെ ക്യൂ വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ, ഏകദേശം 30,000 ഗുണഭോക്താക്കൾ ഈ ചെറിയ എസ്യുവിക്കായി കാത്തിരിക്കുന്നു.