വരുന്നു താംബരം-ചെങ്കൽപ്പെട്ട് നാലാം റെയിൽപ്പാത; 713.56 കോടി രൂപ അനുവദിച്ച് റെയിൽവേ മന്ത്രാലയം
ചെന്നൈ: താംബരത്തുനിന്ന് ചെങ്കല്‍പ്പെട്ടിലേക്ക് നാലാം റെയില്‍പ്പാത നിര്‍മിക്കാന്‍ റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. 30.02 കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയ്ക്ക് 713.56 കോടി രൂപ അനുവദിച്ചു. സബര്‍ബന്‍ തീവണ്ടികള്‍, എക്‌സ്പ്രസ് വണ്ടി, ചരക്ക് വണ്ടികള്‍ എന്നിവ ഓടിക്കാന്‍ മൂന്ന് റെയില്‍വേ പാതകള്‍ മാത്രമേ ഇപ്പോള്‍ നിലവിലുള്ളു. അതിനാല്‍ എക്‌സ്പ്രസ് വണ്ടികള്‍ക്കും സബര്‍ബന്‍ വണ്ടികള്‍ക്കും പലപ്പോഴും സമയകൃത്യത പാലിക്കാന്‍ സാധിക്കാറില്ല.
നാലാം പാത നിര്‍മിക്കുന്നതോടെ സബര്‍ബന്‍ വണ്ടികള്‍ മൂന്നും നാലും പാതകളിലൂടെ സര്‍വീസ് നടത്തും. അതോടെ, താംബരം-ചെങ്കല്‍പ്പെട്ട് റൂട്ടില്‍ കൂടുതല്‍ സബര്‍ബന്‍ വണ്ടികള്‍ ഓടിക്കാന്‍ കഴിയും. വണ്ടികളുടെ സമയകൃത്യത ഉറപ്പാക്കാനും കഴിയും. ചെങ്കല്‍പ്പെട്ട് ഭാഗത്ത് ചെന്നൈയിലേക്ക് ജോലിക്കായി വരുന്നവര്‍ക്ക് വലിയ ആശ്വാസവുമാകും. നാലാം പാത നിര്‍മിക്കാന്‍ നാലുവര്‍ഷം മുന്‍പുതന്നെ ദക്ഷിണ റെയില്‍വേ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി ലഭിച്ചിരുന്നില്ല.
