ഇടുക്കിയിൽ തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരിക്കേറ്റു

ഇടുക്കി ഉപ്പുതറ കണ്ണമ്പടിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കണ്ണമ്പടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻപുരയ്ക്കൽ, അശ്വതി കാലായിൽ, രമണി പാതാളിൽ, രാഗണി ചന്ദ്രൻ മൂലയിൽ എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്. പരിക്കേറ്റവർ ചികിത്സ തേടി.

മലപ്പുറത്ത് ഒരു സ്കൂൾ വിദ്യാർത്ഥിയെയും തെരുവുനായ്ക്കൾ ആക്രമിച്ചു. സ്കൂൾ വാനിൽ നിന്നിറങ്ങിയ കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. പുഴക്കാട്ടിരിയിലെ കരുവാടിക്കുളമ്പിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കാട്ടാക്കട ആമച്ചാലിലും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. ആക്രമണത്തിൽ 15 വയസ്സുള്ള രണ്ട് കുട്ടികളടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.